ഉത്തരാഖണ്ഡ് രക്ഷാപ്രവർത്തനം വൈകുന്നു; ബ്ലേഡ് കുഴലിനുള്ളിൽ കുടുങ്ങി
ഉത്തരകാശിയിലെ തുരങ്കം തകർന്നുണ്ടായ അപകടത്തിൽ രക്ഷാപ്രവർത്തനം പതിനാലാം ദിവസവും വൈകുന്നു.ഓഗർ മെഷീൻ തകരാറിലായതിനാലും ബ്ലേഡ് കുഴലിനുള്ളിൽ കുടുങ്ങിയതിനാലും രക്ഷാപ്രവർത്തനത്തിന് കൂടുതൽ സമയമെടുക്കുമെന്ന് വിദഗ്ധർ പറഞ്ഞു. രക്ഷാപ്രവർത്തകർ ഒരു സമ്മർദ്ദത്തിനും വിധേയരാകരുതെന്നും ക്ഷമയാണ് ഇപ്പോൾ ആവശ്യമുള്ളതെന്നും ദേശീയ ദുരന്ത നിവാരണ അതോറിറ്റിയിൽ നിന്നുള്ള ഉദ്യോഗസ്ഥൻ പ്രതികരിച്ചു.
രക്ഷാപ്രവർത്തനം അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോഴെല്ലാം ഓഗർ മെഷീന് തുടർച്ചയായി തകരാർ സംഭവിച്ചിരുന്നു. മെറ്റൽ റോഡിലെ തടസങ്ങളും യന്ത്രം അവശിഷ്ടങ്ങൾക്കിടയിൽ തുളച്ചുകയറുന്നതുമാണ് മെഷീൻ പ്രവർത്തനത്തിന് തടസം നിന്നത്. ഓരോ തവണ പ്രവർത്തനം നിർത്തുമ്പോൾ ഓഗർ മെഷീൻ പുറത്തെടുക്കേണ്ടി വരികയും ചെയ്യുന്നുണ്ട്. നിലവിൽ രക്ഷാപ്രവർത്തകർ യന്ത്രം പുറത്തെടുക്കാനുള്ള ശ്രമത്തിലാണ്. നാളെയോടെ ഇത് പുറത്തെത്തിക്കാൻ കഴിഞ്ഞാൽ, ശേഷം മാനുവൽ ഡ്രില്ലിംഗും വെർട്ടിക്കൽ ഡ്രില്ലിംഗും ആരംഭിക്കും.
യന്ത്രത്തിന്റെ പ്രവർത്തനം പ്രതിസന്ധിയിലാണെങ്കിലും ഫുഡ് പൈപ്പും ഓഗർ ഡ്രില്ലിംഗ് വഴി സ്ഥാപിച്ച കമ്മ്യൂണിക്കേഷൻ ചാനലുകളും ശരിയായി പ്രവർത്തിക്കുന്നുണ്ട്.