World

ഇനിയധികം പേ ചെയ്യണം; മൊബൈൽ റീചാർജുകൾക്ക് ഫീസ് ഈടാക്കി ഗൂഗിൾ പേ

Spread the love

മൊബൈൽ റീചാർജുകൾക്ക് ഫീസ് ഈടാക്കി ഗൂഗിൾ പേ. ഇപ്പോൾ കൺവീനിയൻസ് ഫീസ് എന്ന ഇനത്തിൽ മൂന്നു രൂപയോളമാണ് അധികമായി ഈടാക്കിത്തുടങ്ങിയിരിക്കുന്നത്. വർഷങ്ങളോളം ഉപയോക്താക്കളെ പ്രീപെയ്ഡ് പ്ലാൻ റീചാർജ് ചെയ്യാനും അധിക ചെലവില്ലാതെ ബില്ലുകൾ അടയ്ക്കാനും അനുവദിച്ചതിന് ശേഷമാണ് ഗൂഗിൾ പേ പുതിയ മാറ്റം കൊണ്ടുവരുന്നത്.

ഗൂഗിൾ പേ റീച്ചാർജുകൾക്ക് ഫീസ് ഈടാക്കുന്നുണ്ട് എന്ന് ഒരു യൂസർ വെളിപ്പെടുത്തി. ഇതിന് പിന്നാലെയാണ് ഇക്കാര്യം പലരുടെയും ശ്രദ്ധയിൽപ്പെട്ടിരിക്കുന്നത്. കൺവീനിയൻസ് ഫീസ് ജിഎസ്ടി ഉൾപ്പെടെയുള്ളതാണെന്ന് സ്‌ക്രീൻഷോട്ടിൽ വ്യക്തമാണ്. എന്നാൽ ഗൂഗിൾ ഇത് സംബന്ധിച്ച് ഔദ്യോഗികമായി പ്രഖ്യാപനം ഒന്നും നടത്തിയിട്ടില്ല.

നൂറ് രൂപ വരെ ചെലവ് വരുന്ന റീച്ചാർജുകൾക്ക് അ‌ധിക ഫീസ് നൽകേണ്ടതില്ല. 101 രൂപ മുതൽ 200 രൂപ വരെയുള്ള തുകയുടെ റീച്ചാർജുകൾക്ക് 2 രൂപ ഫീസ് നൽകണം. 301 രൂപയ്ക്ക് മുകളിലുള്ള റീച്ചാർജുകൾക്ക് 3 രൂപ നൽകണം. നിലവിൽ, മൊബൈൽ റീചാർജുകൾക്ക് മാത്രമേ ഫീസ് ബാധകമാകൂ.ഗൂഗിൾ പേ വഴിയുള്ള വൈദ്യുതി ബിൽ പേയ്‌മെന്റുകൾ പോലുള്ള മറ്റ് ഇടപാടുകൾ സൗജന്യമായി തുടരും. വ്യക്തിപരമായി നടത്തുന്ന ഇടപാടുകൾക്കും കച്ചവടവുമായി ബന്ധപ്പെട്ടുള്ള യുപിഐ ഇടപാടുകൾക്കും നിലവിൽ അ‌ധിക തുക നൽകേണ്ടതില്ല.

ഈ ഫീസ് ഒഴിവാക്കുന്നതിന്, ഉപയോക്താക്കൾക്ക് തങ്ങളുടെ ടെലിക്കോം ഓപ്പറേറ്ററുടെ ആപ്പിൽനിന്നോ വെബ്‌സൈറ്റിൽനിന്നോ നേരിട്ട് റീചാർജ് ചെയ്യാവുന്നതാണ്. ഇടപാടുകൾക്ക് അധിക ഫീസ് ഈടാക്കുന്ന ആദ്യത്തെ പേയ്മെന്റ് സേവന ദാതാവ് ഗൂഗിൾ പേയല്ല. പേടിഎം, ഫോൺപേ എന്നിവയും തുക ഈടാക്കി തുടങ്ങിയിരുന്നു.