ജമ്മുവിൽ ഭീകരരുമായി ഏറ്റുമുട്ടൽ; നാല് സൈനികർക്ക് വീരമൃത്യു
ജമ്മുവിലെ രജൗറിയിൽ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഓഫീസര്‍മാര്‍ ഉള്‍പ്പെടെ നാല് സൈനികര്‍ക്ക് വീരമൃത്യു. ഒരു ഭീകരനെ വധിച്ചെന്ന് സുരക്ഷാ സേന അറിയിച്ചു. 9 പാരാ സ്പെഷ്യൽ ഫോഴ്സിലെ ക്യാപ്റ്റൻ എം.വി.പ്രഞ്ജാൽ, ക്യാപ്റ്റൻ ശുഭം എന്നിവരും ഒരു ജൂനിയർ കമ്മിഷൻഡ് ഓഫിസറും ഒരു സൈനികനും ആണ് വീരമൃത്യു വരിച്ചത്.
ധർമശാലിലെ ബാജി മാൽ കാട്ടിൽ ഒളിച്ച 2 ഭീകരരെ പിടികൂടാനുള്ള ശ്രമത്തിനിടയിലാണ് സൈനികർക്ക് ജീവൻ നഷ്ടമായത്. സൈനിക നടപടി തുടരുകയാണ്. ഭീകരസംഘം വിദേശികളാണെന്നാണ് സൂചന. അവർക്കും പരുക്കേറ്റിട്ടുണ്ട്. ഒരു മേജർ അടക്കം 2 പേർക്കു ഗുരുതമായി പരുക്കേറ്റു. പരുക്കേറ്റവരെ ഉധംപുരിലെ സൈനിക ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഭീകരരെ കണ്ടതായി സൂചന ലഭിച്ചതിനെ തുടർന്നാണ് സൈന്യവും പൊലീസും കാട്ടിൽ തിരച്ചിൽ തുടങ്ങിയത്. സേനാസംഘത്തിനു നേരെ ഭീകരർ വെടിയുതിർത്തതോടെ ബുധനാഴ്ച രാവിലെ ഏറ്റുമുട്ടൽ തുടങ്ങി. സംഘത്തിലെ മറ്റ് ഭീകരരെ കണ്ടെത്താൻ വനമേഖല കേന്ദ്രികരിച്ച് തിരച്ചിൽ നടത്തുകയാണെന്ന് സൈന്യം പറഞ്ഞു.