Kerala

‘ജനസമ്പർക്ക പരിപാടിയിൽ ഉമ്മൻ ചാണ്ടിക്ക് കൊടുത്ത പരാതികൾ തന്നെ ഇപ്പോഴും എത്തുന്നുണ്ട്’ ; എം ബി രാജേഷ്

Spread the love

പിണറായി വിജയന്റെ ജനസമ്പർക്ക പരിപാടിയിൽ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിക്ക് കൊടുത്ത പരാതികൾ തന്നെ ഇപ്പോഴും ലഭിക്കുന്നുണ്ടെന്ന് തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. അന്ന് പരാതിയിൽ എഴുതിക്കൊടുക്കൽ മാത്രമാണ് ഉണ്ടായതെന്നും ഇപ്പോഴാണ് നടപടിയുണ്ടാകുന്നതെന്നും എം ബി രാജേഷ് പറഞ്ഞു.

‘ഉമ്മൻചാണ്ടിയുടെ കാലത്ത് കൊടുത്ത അപേക്ഷകളിൽ നടപ്പിലാക്കാത്തവ ഇപ്പോഴുമുണ്ട്. ഉമ്മൻചാണ്ടി എഴുതിക്കൊടുത്ത കടലാസുമായിട്ടാണ് പലരും ഇന്ന് വരുന്നത്. അതാണ് അന്നത്തെ ജന,സമ്പർക്ക പരിപാടി. എഴുതിക്കൊടുക്കലേ ഉണ്ടായിട്ടുള്ളൂ. കാര്യം നടന്നില്ല. അവ പരിഹരിക്കാനാണ് ഇപ്പോൾ സർക്കാർ ശ്രമിക്കുന്നത്’. മന്ത്രി കൂട്ടിച്ചേർത്തു.

നവകേരള സദസിൽ ഇതുവരെ ലഭിച്ചത് 5,40,725 പരാതികളെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ആരംഭിച്ച പരാതിപരിഹാര സെല്ലിൽ നാളിതുവരെ 5,40,722 പരാതികളാണ് ലഭിച്ചത്. അതിൽ 5,36,525 പരാതികളിൽ തീർപ്പ് കൽപ്പിച്ചു. 99.2 ശതമാനം പരാതികളിലും പരിഹാരമുണ്ടായി. ബാക്കിയുള്ള 4,197 പരാതികളിലുള്ള നടപടികൾ പുരോഗമിക്കുകയാണ്. അവയും സമയബന്ധിതമായി പരിഹരിക്കും.
നവകേരള സദസിന് മുൻപ് നടന്ന ‘കരുതലും കൈത്താങ്ങും’ താലൂക്കുതല അദാലത്തുകളിലും ജനങ്ങളുടെ വിവിധ വിഷയങ്ങളിലുള്ള പരാതികളിലും വേഗത്തിലുള്ള പരിഹാരം ഉണ്ടായിട്ടുണ്ട്. അദാലത്തുകളിൽ 76,551 പരാതികളാണ് ആകെ ലഭിച്ചത്. അതിൽ 69,413 പരാതികളിലും തീർപ്പുണ്ടായി. ബാക്കിയുള്ള 7,138 പരാതികൾ പരിശോധനയിലാണ്. ഹിയറിങ് അടക്കമുള്ള തുടർനടപടികൾ വേണ്ട പരാതികളാണ് അവശേഷിക്കുന്നതിലേറെയുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.