യൂത്ത് കോണ്ഗ്രസ് വ്യാജ ഐഡി കേസ് പാർലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള റിഹേഴ്‌സൽ; എം.വി. ഗോവിന്ദൻ
യൂത്ത് കോണ്ഗ്രസ് വ്യാജ ഐഡി കേസ് ഗൗരവമുള്ള സംഭവമാണെന്നും പാർലമെന്റ് തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള റിഹേഴ്‌സൽ ആണെന്നും സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. സംഭവത്തിൽ വലിയ പരാതിയാണ് ഉയർന്നു വന്നത്. പാർലമെന്ററി തിരഞ്ഞെടുപ്പ് നടക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കുമ്പോഴാണ് ഇത് പുറത്തു വരുന്നതെന്നതും ഗൗരവകരമാണ്. കോൺഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന്റെ അറിവോട് കൂടിയാണ് തട്ടിപ്പ് നടന്നത്.
എങ്ങനെ സർക്കാരിനെ അവഹേളിക്കാം എന്നു ഗവേഷണം നടക്കുകയാണ്. മുഖ്യമന്ത്രിയെ ഉൾപ്പടെ നിരന്തരം വേട്ടയാടുന്നതാണ് പ്രതിപക്ഷത്തിന്റെ രീതി. തദ്ദേശ സ്ഥാപനങ്ങൾ പണം നൽകുന്നതിൽ കക്ഷി രാഷ്ട്രീയം കാണേണ്ടതില്ല. പ്രാദേശിക സർക്കാരുകളാണ് തദ്ദേശ സ്ഥാപനങ്ങൾ. സർക്കാരിന്റെ പ്രവർത്തനത്തിൽ പിന്തുണയ്ക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂത്ത് കോൺഗ്രസ് വ്യാജ തിരിച്ചറിയൽ കാർഡ് വിവാദത്തിൽ പത്തനംതിട്ട കേന്ദ്രീകരിച്ചു കൂടുതൽ അന്വേഷണം നടത്തുകയാണ്. അടൂരിലെ കൂടുതൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർക്ക് സംഭവത്തിൽ പങ്കെന്ന് സംശയം. സംശയ നിഴലിലുള്ള പലരും ഒളിവിലെന്ന് പൊലീസ് വ്യക്തമാക്കി. പിടിയിലായവരെല്ലാം യൂത്ത് കോൺഗ്രസ് പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തലിന്റെ വിശസ്തരെന്നും പൊലീസ് പറഞ്ഞു.
അഭി വിക്രമിന്റെ ഫോൺ, ബിനിലിന്റെ ലാപ് ടോപ് എന്നിവിടങ്ങളിൽ നിന്ന് വ്യാജ തിരിച്ചറിയൽ കാർഡുകൾ കണ്ടെത്തിയിരുന്നു. പിടിച്ചെടുത്ത കാർഡുകൾ തെരഞ്ഞെടുപ്പ് കമ്മീഷനെ കാണിച്ച് വ്യാജമെന്ന് ഉറപ്പിച്ച ശേഷം തുടർനടപടിയെന്നും പൊലീസ് വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച കേസിൽ നടപടികൾ കടുപ്പിക്കുകയാണ് പൊലീസ്. ഡിവൈഎഫ്ഐ നേതാക്കൾ നേരിട്ടു നൽകിയ പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്.
പിന്നാലെ തെരഞ്ഞെടുപ്പ് നടപടിക്രമങ്ങളിൽ അതൃപ്തരായ യൂത്ത് കോൺഗ്രസുകാര്‍ അന്വേഷണത്തെ സഹായിക്കാനുതകുന്ന വിവരങ്ങളുമായി എത്തിയതോടെ പൊലീസിന് പണി എളുപ്പമായി. നിലവിൽ പത്ത് പരാതികൾ പൊലീസിന് ലഭിച്ചുകഴിഞ്ഞു. നേരത്തെ പുറത്ത് വന്നിതിന് പുറമെ കൂടുതൽ ആപ്പുകള്‍ ഉപയോഗിച്ച് വ്യാജ രേഖയുണ്ടാക്കിയെന്ന കാര്യം എട്ടംഗ പ്രത്യേക അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.