Kerala

മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ എൽ പി സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി; എംഎസ്എഫ് പരാതി

Spread the love

നവ കേരള സദസിന് മുഖ്യമന്ത്രിയെ അഭിവാദ്യം അർപ്പിക്കാൻ എൽ പി സ്കൂൾ വിദ്യാർത്ഥികളെ പെരുവഴിയിൽ നിർത്തി. തലശേരി ചെമ്പാട് എൽ പി സ്കൂളിലെ വിദ്യാർത്ഥികളെ റോഡിൽ ഇറക്കിയതിനെതിരെ എംഎസ്എഫ് രംഗത്തെത്തി. പെരുവഴിയിൽ വെയിലത്ത് നിർത്തിയതിന് പ്രധാന അധ്യാപകനെതിരെ നടപടി ആവശ്യപ്പെട്ട് എംഎസ്എഫ് ബാലാവകാശ കമ്മീഷന് പരാതി നൽകി.

യാത്രയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയെ അഭിവാദ്യം ചെയ്യാൻ വിദ്യാർഥികളെ വെയിലത്ത് നിർത്തിയെന്നാണ് പരാതി. തലശേരി ചെമ്പാട് എൽ പി സ്കൂൾ വിദ്യാർത്ഥികളെ വെയിലത്ത് നിർത്തി മുദ്രാവാക്യം വിളിപ്പിച്ചെന്നുമാണ് എംഎസ്എഫ് നൽകിയ പരാതിയിൽ പറയുന്നത്.

ബാലാവകാശ നിയമങ്ങളെ കാറ്റിൽ പറത്തിയുള്ള കടുത്ത ബാലാവകാശ ലംഘനമാണ് നടന്നതെന്ന് എംഎസ്എഫ് ആരോപിച്ചു. ഹെഡ്മാസ്റ്റർക്കും മറ്റ് സ്കൂൾ സ്റ്റാഫിനുമെതിരെ നടപടി വേണമെന്നും ആവശ്യമുയ‍ർത്തിയിട്ടുണ്ട്.

സർക്കാറിന്റെ നവ കേരള സദസ് പരിപാടിക്ക് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നതിനെതിരെയും എംഎസ്എഫ് രം​ഗത്തെത്തി. ക്ലാസ് മുടക്കി വിദ്യാർഥികളെ കൊണ്ടുപോകാൻ ശ്രമിച്ചാൽ തടയുമെന്ന് എംഎസ്എഫ് അറിയിച്ചു. ഇത് സംബന്ധിച്ച് എംഎസ്എഫ് സംസ്ഥാന കമ്മിറ്റി മണ്ഡലം കമ്മിറ്റികൾക്ക് നിർദേശം നൽകി.