‘മുന്നണി വിടില്ല’; നിലപാട് ആവർത്തിച്ച് മുസ്ലിം ലീഗ്
സിപിഐഎമ്മുമായി സഹകരിക്കാൻ താൽപര്യമുള്ള മുസ്ലീം ലീഗിലെ ഒരു വിഭാഗത്തിന് തിരിച്ചടി. യുഡിഎഫിൽ തന്നെ തുടരുമെന്ന് പാർട്ടിയുടെ ഉന്നത നേതാക്കൾ വ്യക്തമാക്കി. കൂടിയാലോചന ഇല്ലാതെ കേരള ബാങ്ക് ഭരണസമിതി അംഗത്വം പി അബ്ദുൽ ഹമീദ് എംഎൽഎ ഏറ്റെടുത്തതിലും ലീഗിലെ ഭൂരിപക്ഷ നേതാക്കളും പ്രതിഷേധത്തിലാണ്.
മുസ്ലിം ലീഗ് എൽഡിഎഫിലേക്ക് ചായുകയാണെന്ന ചർച്ചകൾക്കിടെയാണ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ നിലപാട് വ്യക്തമാക്കിയത്. പി.കെ കുഞ്ഞാലിക്കുട്ടി പി.എം.എ സലാം എന്നിവരാണ് ഇടത് സഹകരണത്തോട് താല്പര്യമുള്ളവർ. കുഞ്ഞാലിക്കുട്ടിയെ അടക്കം വേദിയിൽ ഇരുത്തിയാണ് ആ വെള്ളം മാറ്റിവെക്കണമെന്ന് തങ്ങൾ പറഞ്ഞത്.
വാർത്തയായപ്പോൾ പികെ കുഞ്ഞാലിക്കുട്ടിയും ഇതേ പ്രതികരണവുമായി രംഗത്തെത്തി. കേരള ബാങ്ക് വിവാദത്തിന് പിന്നാലെ ഇ.ടി മുഹമ്മദ് ബഷീറും പലതവണ അതൃപ്തി പരസ്യമാക്കിയിരുന്നു. പാർട്ടിയിലെ അണികളും നേതാക്കളും ഒരുപോലെ പ്രതിഷേധവുമായി എത്തിയതോടെയാണ് തങ്ങൾ നിലപാട് വ്യക്തമാക്കിയത്.
പാർട്ടിയിൽ കൂടിയാലോചന ഇല്ലാതെ ഇടതുപക്ഷവുമായി സഹകരിച്ച് കേരള ബാങ്ക് ഭരണസമിതി അംഗത്വം ഏറ്റെടുത്തിൽ സാദിഖലി തങ്ങൾക്ക് അതൃപ്തിയുണ്ട്. എം.കെ മുനീർ, കെ.എം ഷാജി വിഭാഗം വിഷയം പാർട്ടിയിൽ കൂടുതൽ ചർച്ചയാകുന്നുണ്ട്.