സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണ് രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു
സ്കൂളിലെ സാമ്പാർ ചെമ്പിൽ വീണ് പൊള്ളലേറ്റ രണ്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു. കർണാടകയിലാണ് സംഭവം. സ്കൂളിലെ അടുക്കളയിൽ ഉച്ചഭക്ഷണത്തിനായി തയ്യാറാക്കിയ സാമ്പാർ ചെമ്പിലേക്ക് വീണ് ഏഴ് വയസുകാരിയായ മഹന്തമ്മ ശിവപ്പയാണ് മരിച്ചത്. സംഭവത്തിൽ ഏഴ് പേർക്കെതിരെ കേസെടുത്തു.
കൽബുറഗി ജില്ലയിലെ ചിൻംഗേര സർക്കാർ പ്രൈമറി സ്‌കൂളിലാണ് അപകടം. ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതിനിടെ കുട്ടി അബദ്ധത്തിൽ സാമ്പാർ ചെമ്പിലേക്ക് വീഴുകയായിരുന്നു. 40 ശതമാനം പൊള്ളലേറ്റ കുട്ടിയെ ഉടൻ അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. പിന്നീട് തുടർ ചികിത്സയ്ക്കായി കൽബുറഗിയിലെ ഗുൽബർഗ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലേക്ക് മാറ്റിയെങ്കിലും മാതാപിതാക്കളുടെ അഭ്യർത്ഥന പ്രകാരം വെള്ളിയാഴ്ച കുട്ടിയെ കൽബുർഗിയിലെ ബസവേശ്വര ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആരോഗ്യ നില വഷളായതിനെ തുടർന്ന് പിറ്റേന്ന് ബെംഗളൂരുവിലെ വിക്ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഞായറാഴ്ച പുലർച്ചെ 3.30ന് കുട്ടി മരണപ്പെട്ടു.
സംഭവത്തിൽ കുട്ടിയുടെ അമ്മ പരാതിനൽകിയതോടെ ഏഴു പേർക്കെതിരെ പൊലീസ് കേസെടുത്തു. സ്‌കൂളിലെ അടുക്കള ജീവനക്കാർ, ഹെഡ്മിസ്ട്രസ്, ഉച്ച ഭക്ഷണ പദ്ധതി അസിസ്റ്റന്റ് ഡയറക്ടർ, അഫ്‌സൽപൂർ ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ, അഫ്സൽപൂർ താലൂക്ക് പഞ്ചായത്ത് ഓഫീസർ, ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ രണ്ട് അധ്യാപകരെ സസ്പെൻഡ് ചെയ്തെന്നും ഒരാളെ ജോലിയിൽ നിന്ന് പുറത്താക്കിയെന്നും അധികൃതർ അറിയിച്ചു.