Wednesday, April 23, 2025
Latest:
National

371 കോടിയുടെ അഴിമതി കേസ്: ചന്ദ്രബാബു നായിഡുവിന് ആശ്വാസം, സ്ഥിരജാമ്യം അനുവദിച്ചു

Spread the love

നൈപുണ്യ വികസന കോർപ്പറേഷൻ അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് മുൻ മുഖ്യമന്ത്രിയും തെലുങ്കുദേശം പാർട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് ആശ്വാസം. 371 കോടി അഴിമതിക്കേസിൽ ആന്ധ്രാപ്രദേശ് ഹൈക്കോടതി സ്ഥിരജാമ്യം അനുവദിച്ചു. ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്താണ് ജാമ്യം.

നായിഡുവിന്റെ ജാമ്യാപേക്ഷ പരിഗണിച്ച ജസ്റ്റിസ് ടി മല്ലികാർജുന റാവുവാണ് വിധി പ്രസ്താവിച്ചത്. ചികിത്സാവിവരങ്ങൾ മുദ്രവച്ച കവറിൽ എസിബി കോടതിയിലും, സെൻട്രൽ ജയിൽ സൂപ്രണ്ടിനും നൽകണമെന്ന് കോടതി ഉത്തരവിട്ടു. വലത് കണ്ണിന് തിമിര ശസ്ത്രക്രിയ നടത്താൻ ഒക്‌ടോബർ ആദ്യം ചന്ദ്രബാബു നായിഡുവിന് നാലാഴ്ചത്തേക്ക് ഇടക്കാല മെഡിക്കൽ ജാമ്യം അനുവദിച്ചിരുന്നു.

തെലങ്കാനയിൽ നവംബർ 30-ന് വോട്ടെടുപ്പ് നടക്കാനിരിക്കെ, രാഷ്ട്രീയ പരിപാടികളിൽ പങ്കെടുക്കുന്നതിൽ നിന്ന് നായിഡുവിനെ കോടതി വിലക്കിയിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ആന്ധ്രാ മുഖ്യമന്ത്രിയായിരിക്കെ നൈപുണ്യ വികസന കോർപ്പറേഷൻ പദ്ധതിയുടെ മറവിൽ 371 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ചന്ദ്രബാബു നായിഡുവിനെതിരായ ആരോപണം. കേസിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തത് 2021 ഡിസംബർ 9 നാണ്. സെപ്റ്റംബർ ഒമ്പതിനാണ് നായിഡുവിനെ ആന്ധ്രാപ്രദേശ് സിഐഡി അറസ്റ്റ് ചെയ്തത്.