World

ഗസ്സയില്‍ ഇനി അവശേഷിക്കുന്നത് 1000ല്‍താഴെ ക്രിസ്ത്യാനികള്‍; ആദിമ ക്രിസ്ത്യാനികളുടെ നേര്‍പിന്മുറക്കാര്‍ അസ്തിത്വപ്രതിസന്ധിയില്‍

Spread the love

കരയുദ്ധം ആരംഭിക്കുന്നതിന് മുമ്പ് ഇസ്രയേൽ സൈന്യം ഗസ്സൻ ജനതയോട് മുനമ്പിന്റെ തെക്ക് ഭാഗത്തേക്ക് നീങ്ങാൻ ആവശ്യപ്പെട്ടപ്പോൾ കാൽനടയായും കുതിര വണ്ടികളിൽ കയറിയും പലായനം ചെയ്തത് അനേകരാണ്. എന്നാൽ എല്ലാം വിട്ടെറിഞ്ഞ് പോകാൻ തീരുമാനിച്ചവരേക്കാൾ കൂടുതലായിരുന്നു പലായനത്തെക്കുറിച്ച് ചിന്തിക്കാൻ കഴിയാതിരുന്ന മനുഷ്യർ. അവരിൽ പെട്ടവരായിരുന്നു ഗസ്സയിലെ ക്രിസ്ത്യാനികൾ.ഗസ്സയുടെ തെക്ക് ഭാഗത്തേക്ക് നീങ്ങാതെ തങ്ങളുടെ പൂർവീകർ ആരാധിച്ചിരുന്ന പള്ളികളിൽ അഭയം തേടാനാണ് ഗസ്സയിലെ അവശേഷിച്ച ക്രിസ്ത്യാനികളിൽ അധികം പേരും തീരുമാനിച്ചത്.

യേശു പിറന്ന നാട്ടിൽ, നീതിക്കു വിശന്നു ദാഹിക്കുന്നവർ ഭാഗ്യവാന്മാർ അവർക്കു തൃപ്തിവരും എന്ന് യേശു പറഞ്ഞ നാട്ടിൽ, റോമൻ ചക്രവർത്തിയുടെ സാമ്രാജ്യത്വത്തേയും മതപൗരോഹത്യത്തേയും ഒരുപോലെ നേരിട്ട ഒന്നാം നൂറ്റാണ്ടിലെ ക്രിസ്ത്യാനികളുടെ നേർപിൻമുറക്കാരായ തങ്ങൾ കർത്താവിന്റെ ആലയത്തിൽ സുരക്ഷിതരാകുമെന്ന് അവരെല്ലാവരും കരുതി.

അങ്ങനെയാണ്, അഞ്ചാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച, ലോകത്തിലെ തന്നെ ഏറ്റവും പുരാതനമായ പള്ളികളിലൊന്നായ സെന്റ് പോർഫിറിയസ് പള്ളിയ്ക്കകത്ത് നൂറുകണക്കിന് ക്രിസ്ത്യാനികൾ അഭയം തേടുന്നത്. കുഞ്ഞുങ്ങളേയും പ്രായമായവരേയും കൂട്ടി ഉള്ളതെല്ലാം വാരിപ്പെറുക്കി അത്യാവശ്യത്തിന് റൊട്ടിയും വെള്ളവുമായി പള്ളിയ്ക്കകത്ത്, അവർ കഴിഞ്ഞുകൂടി. ഒരുമിച്ച് പ്രാർത്ഥിച്ച് ഉറങ്ങി. യുദ്ധം ഉടൻ തീരുമെന്ന് പരസ്പരം വിശ്വസിപ്പിച്ച് ഒരുമിച്ച് അതിജീവിക്കാൻ ശ്രമിച്ചു. പക്ഷേ ഒക്ടോബർ 20ന് സെന്റ് പോർഫിറിയസ് പള്ളിയെ ഇസ്രയേൽ സൈന്യം ആക്രമിച്ചു. ലോകത്തെ ക്രിസ്തീയ സമൂഹത്തെയാകെ ഞെട്ടിപ്പിക്കുന്നതായിരുന്നു ആ ആക്രമണം. അവരുടെ അവസാന ആശ്രയവും തകർന്നുപോകുന്നതുപോലെയുള്ള അവസ്ഥ. മുൻവശം തകർന്ന പുരാതന പള്ളിമുറ്റത്ത് ആദിമ ക്രിസ്ത്യാനികളുടെ പിന്മുറക്കാരുടെ കൂട്ട വിലാപങ്ങൾക്കിടയിൽ 18 മൃതദേഹങ്ങളുടെ അന്ത്യകർമ്മങ്ങൾ നടന്നു. തങ്ങളുടെ വംശം തന്നെ അറ്റ് പോവുകയാണല്ലോ എന്ന വിലാപത്തിന് അടിസ്ഥാനവുമുണ്ടായിരുന്നു. 2007ൽ ഗസ്സയിൽ 3000 ക്രിസ്ത്യാനികളുണ്ടായിരുന്നെങ്കിൽ ഇപ്പോൾ മുനമ്പിൽ ആകെ അവശേഷിക്കുന്നത് 1000ൽ താഴെ ക്രിസ്ത്യാനികൾ മാത്രമാണ്.

ഇസ്രയേൽ-പലസ്തീൻ സംഘർഷ ഭൂമി പ്രത്യേകിച്ച് ഗസ്സ, ക്രിസ്തുവിന്റെ സ്വന്തം നാടാകുന്നത് യേശുക്രിസ്തു ജനിച്ച ഭൂമിയായത് കൊണ്ട് മാത്രമല്ല, ഒരു തീർത്ഥാടനകേന്ദ്രത്തിന്റെ അപ്പുറത്ത് ആ ഭൂമിയെക്കുറിച്ച് ചിന്തിച്ചാൽ അവിടെ മനുഷ്യരുടെ സഹനം കാണാം. കണ്ണീരും സംഘർഷങ്ങളും കാണാം. എന്ത് പരിഹരിക്കാനാണോ ദൈവപുത്രൻ ഭൂമിയിൽ ജനിച്ചത്, അതവിടെ കാണാം. സൊസൈറ്റി ആൻഡ് ക്രിസ്ത്യൻ എത്തികിസ് എന്ന ജേർണലിൽ പ്രൊഫസർ. കെവിൻ കാർനഹൻ ഇങ്ങനെ എഴുതുന്നുണ്ട്. പലസ്തീനിലെ ഗസ്സയിലും വെസ്റ്റ് ബാങ്കിലുമായി താമസിക്കുന്ന ക്രിസ്ത്യൻ ജനസംഖ്യ വല്ലാതെ കുറയുന്നുവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. ഹമാസും ഇസ്രയേലും തമ്മിലുള്ള സംഘർഷത്തിന്റെ കണ്ണീർ മുനമ്പാകുമ്പോൾ,. ഗസ്സയിലെ ക്രിസ്ത്യാനികൾ നേരിടുന്ന വംശം ഇല്ലാതാകലിന്റെ ഭീഷണിയെക്കുറിച്ചും അറിഞ്ഞിരിക്കേണ്ടതാണ്. 1948ൽ ഇസ്രയേൽ രാഷ്ട്രം രൂപീകൃതമായതും പലസ്തീനികൾക്ക് സ്വന്തം മണ്ണിൽ നിന്ന് കുടിയിറങ്ങേണ്ടി വന്നതും, ഹമാസ് ഗസ്സ മുനമ്പിന്റെ നിയന്ത്രണം ഏറ്റെടുത്തതിന് ശേഷം ക്രിസ്ത്യാനികൾ നേരിട്ട നിയന്ത്രണങ്ങളും, ഇപ്പോൾ ഇസ്രയേൽ-ഹമാസ് യുദ്ധമുണ്ടായതുമെല്ലാം ഇവിടുത്തെ ക്രിസ്ത്യൻ ജനസംഖ്യ കുറയുന്നതിന് കാരണമായി.

Read Also: സന്നിധാനത്ത് അയ്യപ്പന്മാർക്ക് സുരക്ഷയൊരുക്കി കേരള പൊലീസ്: വെർച്വൽ ക്യൂ കടന്നത് 37,348 അയ്യപ്പന്മാർ

ക്രിസ്തുവർഷം ഒന്നാം നൂറ്റാണ്ടിൽ തുടങ്ങുന്നതാണ് ഗസ്സയിലെ ക്രിസ്ത്യാനികളുടെ അതിജീവനത്തിന്റെയും സമൃദ്ധിയുടെയും, ചെറുത്ത് നിൽപ്പിന്റെയും നഷ്ടസ്വപ്നങ്ങളുടെയും കഥ. ബൈബിളിലെ പഴയ നിയമത്തിലും പുതിയ നിയമത്തിലുമുള്ള പല സംഭവങ്ങളുടേയും
സജീവ പശ്ചാത്തലമായി ഗസ്സയുണ്ടായിരുന്നു. ആയിരക്കണക്കിന് വർഷങ്ങൾക്ക് മുൻപുള്ള ചരിത്രം ഇപ്പോഴും സജീവമായി നിലനിൽക്കുന്ന ഇസ്രയേൽ-പലസ്തീൻ പ്രദേശത്ത് ബൈബിളിലെ ഈ പശ്ചാത്തലത്തിന് ആന്മീയമായും ചരിത്രപരമായും പ്രാധാന്യമുണ്ട്.
യേശുക്രിസ്തുവിന്റെ കുരിശുമരണത്തിന്റെ സന്ദേശം പ്രചരിപ്പിക്കാൻ ഫിലിപ്പോസ് അപ്പോസ്തലൻ ജറുസലേമിൽ നിന്ന് ഗസ്സയിലേക്ക് മരുഭൂമിയിലൂടെ യാത്ര നടത്തിയതായി ബൈബിളിൽ പരാമർശിക്കുന്നുണ്ട്. യേശു വെള്ളം വീഞ്ഞാക്കി മാറ്റിയ ഗലീലിയിലെ കാനായിൽ നടന്ന വിവാഹ വിരുന്നിൽ ഫിലിപ്പോസ് അപ്പോസ്തലൻ പങ്കെടുത്തതായും ബൈബിൾ പറയുന്നുണ്ട്. തുറമുഖത്തേയ്ക്കും സമീപ നഗരങ്ങളിലേക്കും എളുപ്പത്തിൽ യാത്ര ചെയ്യാൻ സാധിക്കുന്ന ഒരു ഹബ്ബായിരുന്നതിനാൽ ഗാസ നാലാം നൂറ്റാണ്ടിൽ ഒരു പ്രധാനപ്പെട്ട ക്രിസ്ത്യൻ കേന്ദ്രമായിരുന്നു എന്ന് ചരിത്രരേഖകൾ പറയുന്നു.

വിശുദ്ധഭൂമിയിൽ ആദ്യ ക്രിസ്തീയ സമൂഹത്തിന്റെ പിന്മുറക്കാരെന്ന നിലയിൽ പലസ്തീനിലെ ക്രിസ്ത്യാനികൾ സ്വയം ‘ജീവനുള്ള കല്ലുകൾ’ എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ക്രിസ്തുവിന്റെ പ്രഥമ ശിഷ്യരിൽ ഒരാളായ പത്രോസ് അപ്പോസ്തലനാണ് ആദ്യമായി പലസ്താനിലെ ക്രിസ്ത്യാനികളെക്കുറിച്ച് സൂചിപ്പിക്കാൻ ഈ വാക്ക് ഉപയോഗിക്കുന്നത്. തങ്ങളുടെ പാരമ്പര്യം സൂചിപ്പിക്കാൻ പാലസ്തീൻ ക്രിസത്യാനികൾ സ്വയം ഈ വിശേഷണം ഇപ്പോഴും ഉപയോ​ഗിക്കുന്നു.

1200 വർഷങ്ങൾക്ക് മുൻപ് ഇംഗ്ലീഷ് സഞ്ചാരിയായ വില്ലിബാൾഡ് ആദ്യമായി ഗസ്സയിലെത്തിയ അനുഭവം തന്റെ കുറിപ്പുകളിൽ വിവരിക്കുന്നുണ്ട്. ക്രിസ്ത്യാനികളും മുസ്ലിങ്ങളും ഒരേ സമയം ഉപയോ​ഗിച്ചിരുന്ന ഒരു ആരാധനാലയത്തെ കത്തീഡ്രൽ-മോസ്ക് എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 1099ൽ ഒന്നാം കുരിശുയുദ്ധത്തിൽ ജറുസലേം തകർക്കപ്പെട്ടപ്പോഴും ഗാസ ഇരു മതസ്ഥർക്കും ഒരു അഭയകേന്ദ്രമായിരുന്നു. ഗാസയിലെ ക്രിസ്ത്യൻ, മുസ്ലീം സമുദായങ്ങൾ തമ്മിലുള്ള സൗഹൃദം ആത്മാർത്ഥമായിരുന്നുവെന്ന് വില്ലിബാൾഡ് എഴുതുന്നു. നാലാം നൂറ്റാണ്ടിലും അഞ്ചാം നൂറ്റാണ്ടിലുമെല്ലാം ഇവർ ഈവിധത്തിൽ സഹവർത്തിച്ചിരുന്നതിനെക്കുറിച്ച് ചരിത്ര രേഖകളിലുണ്ട്.

1948ൽ ഇസ്രയേൽ രാഷ്ട്രം സ്ഥാപിതമായതിനെത്തുടർന്ന് പലസ്തീനികൾ സ്വന്തം മണ്ണിൽ നിന്ന് പലായനം ചെയ്യേണ്ടിവന്ന നക്ബ കാലത്ത് ക്രിസ്ത്യാനികളും തങ്ങളുടെ നാടുവിട്ട് പോകാൻ നിർബന്ധിതരായി. കൂട്ടപലായനങ്ങൾക്കിടെ 1960കളുടെ മധ്യത്തിൽ ഗസ്സയിൽ ക്രിസ്ത്യാനികളുടെ എണ്ണം 6000 മാത്രമായി.

2007ൽ ഇസ്രയേൽ ഗസ്സ ഉപരോധം ആരംഭിച്ചതുമുതൽ പലസ്തീനിലെ അറബികൾക്ക് സമാനമായ നിയന്ത്രണങ്ങളെല്ലാം ക്രിസ്ത്യാനികൾക്കും ബാധകമായി.ഒരു സെക്കുൽ പാലസ്തിനിൽ വിശ്വസിക്കാത്ത ഹമാസ് ഗസ്സയുടെ ഭരണത്തിൽ എത്തിയതിനെ തുടർന്ന് പൊതുരംഗത്ത് നിന്ന് പതിയെ ക്രിസ്ത്യാനികൾ അദൃശ്യരാവാൻ തുടങ്ങിയിരുന്നു. സർക്കാർ വിഭാഗങ്ങളുടെ ഉന്നതസ്ഥാനങ്ങളിൽ നിന്നും യൂണിവേഴ്‌സിറ്റികളുടെ തലപ്പത്തുനിന്നും പലസ്തീനിയൻ സംഘടനകളിൽ നിന്നും പയ്യെ ഇവർ നീക്കപ്പെട്ടു. മാത്രമല്ല വെസ്റ്റ് ബാങ്കിലേയും ജറുസലേമിലേയും ക്രിസ്ത്യൻ കമ്മ്യൂണിറ്റികളിൽ നിന്ന് വിച്ഛേദിക്കപ്പെട്ട ഇവർക്ക് ബെതലഹേം ഉൾപെടയുള്ള പുണ്യ സ്ഥലങ്ങളിൽ പോകുന്നതിന് ഇസ്രയേലി പെർമിറ്റ് ആവശ്യമായി വന്നു. ഹമാസിന്റയും ഇസ്രയേലിന്റെയും നിയന്ത്രണങ്ങൾ കടുത്തതോടെ പലരും ഗസ്സ വിട്ട് മറ്റിടങ്ങളിലേക്ക് പോയി.

കഴിഞ്ഞ വർഷം അൽ ജസീറ റിപ്പോർട്ടറായ ഷിരീൻ അബു അക്ലേഹ് ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടത് വലിയ വാർത്തയായിരുന്നു. വെസ്റ്റ് ബാങ്കിൽ വച്ചാണ് അവർ വെടിയേറ്റ് മരിക്കുന്നത്. മാധ്യമപ്രവർത്തകയെ കൊന്നത് പാലസ്തീൻ പോരാളികളാണ് എന്ന് ആദ്യം പറഞ്ഞ ഇസ്രയേൽ പിന്നീട് രക്ഷയില്ലാതെ വന്നപ്പോൾ ഇസ്രയേലി സൈനികന് ഒരു അബദ്ധം പറ്റിയതാണെന്ന് പറഞ്ഞ് ഒഴിഞ്ഞു. എന്നാൽ പിന്നീടുള്ള അന്വേഷണം ഇത് കരുതിക്കൂട്ടി നടത്തിയ ആക്രമണമാണെന്ന് നിരീക്ഷിക്കുകയായിരുന്നു. ഷിരീന്റെ മൃതദേഹം അടക്കുന്ന ചടങ്ങുകൾക്ക് നേരെയും ഇസ്രയേലി സൈനികരുടെ ആക്രമണമുണ്ടായി. ക്രിസ്ത്യാനിയായ ഷിരീന്റെ ശവമഞ്ചത്തെ സംരക്ഷിക്കാൻ ശ്രമിക്കുന്ന പലസ്തീനിലെ അറബികളുടേയും അവരെ ആക്രമിക്കാൻ ശ്രമിക്കുന്ന ഇസ്രയേലി സൈനികരുടേയും വിഡിയോ വലിയ ശ്രദ്ധ നേടിയതാണ്. പലസ്തീൻ ജനത, ക്രിസ്ത്യാനികളും അറബികളും ഒരുപോലെ ഏതുവിധത്തിലാണ് ഇസ്രയേൽ അടിച്ചമർത്തലുകൾക്ക് ഇരയായതെന്ന് ഷിരീന്റെ അന്ത്യയാത്ര അന്ന് തെളിയിച്ചു.

ഹമാസ്- ഇസ്രയേൽ യുദ്ധം ആരംഭിച്ചത് ഗസ്സയിലെ ക്രിസ്ത്യൻ വിഭാഗങ്ങളെ മരണഭീതിയിലേക്കും അരക്ഷിതാവസ്ഥയിലേക്കും അസ്തിത്വപ്രതിസന്ധിയിലേക്കും തള്ളിവിട്ടു. ഗസ്സയിലുള്ളവരോട് വടക്കൻ പ്രദേശത്തുനിന്നും തെക്ക്ഭാഗത്തേക്ക് നീങ്ങാൻ ഇസ്രയേൽ സൈന്യം പറഞ്ഞെങ്കിലും പലർക്കും അത്രപെട്ടെന്ന് പലായനം ചെയ്യാവുന്ന സാഹചര്യമായിരുന്നില്ല ഗസ്സയിലേത്. ക്രിസ്തീയ ദേവാലയങ്ങൾ ആക്രമിക്കപ്പെടില്ലെന്ന വിശ്വാസികളുടെ കണക്കുകൂട്ടൽ ഒക്ടോബർ 20ഓടെ തെറ്റി. സെന്റ് പോർഫിറിയസ് ഗ്രീക്ക് ഓർത്തഡോക്‌സ് ചർച്ച് ഇസ്രയേൽ ആക്രമിച്ചത് തീരാനോവായി തുടരും. ഗസ്സയിലെ ക്രിസ്ത്യാനികൾ അവസാന കച്ചിത്തുരുമ്പുപോലെ മുറുകെപ്പിടിച്ചിരുന്ന സുരക്ഷിതബോധവും തകർക്കുന്നതായിരുന്നു ആ ആക്രമണം. ജറുസലേമിലെ ഗ്രീക്ക് ഓർത്തഡോക്‌സ് പാത്രിയാർക്കേറ്റ് ആക്രമണത്തെ ‘യുദ്ധ കുറ്റകൃത്യം’ എന്നാണ് വിശേഷിപ്പിച്ചത്. വെള്ളവസ്ത്രങ്ങളിൽ പൊതിഞ്ഞ് 18ഓളം മൃതദേഹങ്ങൾ പള്ളിമുറ്റത്ത് ഒരുമിച്ച് അടക്കപ്പെട്ടു.

ശിശിരകാലം അവസാനിക്കുന്നതിന് മുമ്പ് തന്നെ ക്രിസ്തുമസിനുള്ള ഒരുക്കങ്ങൾ ലോകമെങ്ങും ആരംഭിക്കും. ബെത്‌ലഹേമിലും അതുപോലെതന്നെ. എന്നാൽ ഇത്തവണ യേശുക്രിസ്തു ജനിച്ച ബത്‌ലഹേമിൽ ക്രിസ്തുമസ് ആഘോഷങ്ങൾ ഉണ്ടാകില്ല. പലസ്തീനിലെ ക്രിസ്ത്യാനികൾ നേതൃത്വം കൊടുക്കുകയും ലോകമെങ്ങുമുള്ള വിശ്വാസികൾ ബെത്‌ലഹേമിലേക്ക് തീർഥാടനത്തിനായി എത്തുകയും ചെയ്യുന്ന ഒരു ക്രിസ്തുമസ് ഈ വർഷം പ്രതീക്ഷിക്കേണ്ടതില്ല. ഗസ്സയിലേക്കുള്ള ഇസ്രയേലിന്റെ ആക്രമണത്തിൽ പ്രതിഷേധിച്ച് ആഘോഷങ്ങൾ ഒഴിവാക്കുന്നുവെന്ന് ജെറുസലേമിലെ ക്രിസ്ത്യൻ നേതൃത്വം തീരുമാനമെടുത്തു.

ഒന്നുകിൽ ഇസ്രയേൽ ബോംബുകളാൽ കൊല്ലപ്പെടുക അല്ലങ്കിൽ ജനിച്ച മണ്ണിൽ അഭയാർത്ഥികളാക്കപ്പെടുക. ഗസ്സയിലെ ഓരോ പലസ്തീനിയുടേയും മുന്നിൽ ഈ സാധ്യതകളേയുള്ളൂ. 2000 വർഷം മുൻപ് ഇതുപോലെ ഒരു സംഘർഷ കാലത്താണ് നസ്‌റേത്തിൽ നിന്ന് ബത്‌ലഹേമിലേക്ക് ഗർഭിണിയായ ഭാര്യ മറിയയേയും കൂട്ടി ജോസഫ് റോമൻ ചക്രവർത്തിയുടെ വലിയ സെൻസസിൽ പേരുചേർക്കാൻ യാത്രയായത്. മറിയത്തിന് തലചായ്ക്കാൻ സത്രത്തിലൊരു മുറിപോലും കിട്ടുന്നില്ല. കാലിത്തൊഴുത്തിലാണ് പൈതലായ യേശു പിറന്നുവീഴുന്നത്. തകർന്ന അഭയാർത്ഥി ക്യാമ്പുകളിലും അരക്ഷിതമായ തെരുവുകളിലും അഴലുന്ന ഗസ്സയിലെ കുഞ്ഞുങ്ങൾ, അവരുടെ സഹനം ഓരോ നിമിഷവും യേശുവിനെ ഓർമിപ്പിക്കുന്നുണ്ട്. എന്നാൽ ഏതിരുട്ടിലും പ്രകാശം തേടിപോകാൻ തന്നെയാണ് പലസ്തീനിലെ ക്രിസ്ത്യാനികളുടെ തീരുമാനം. ക്രിസ്തുമസ് ആഘോഷങ്ങൾ ഒഴിവാക്കുമെന്ന് അറിയിച്ച് ജെറുസലേമിലെ ഉന്നത പുരോഹിതന്മാർ തയാറാക്കിയ സംയുക്ത പ്രസ്താവന അവസാനിക്കുന്നത് വെളിപാടുപുസ്തകത്തിലെ ഈ വാക്കുകളിലാണ്.

അവൻ അവരുടെ കണ്ണിൽ നിന്നു കണ്ണുനീർ എല്ലാം തുടെച്ചുകളയും.
ഇനി മരണം ഉണ്ടാകയില്ല;
ദുഃഖവും മുറവിളിയും കഷ്ടതയും ഇനി ഉണ്ടാകയില്ല.
ഇതാ, ഞാൻ സകലവും പുതുതാക്കുന്നു.