Kerala

ശബരിമല വ്രതാനുഷ്ഠാനം; അറിയേണ്ട കാര്യങ്ങൾ

Spread the love

ശരണം വിളികളാല്‍ ഭക്തിനിര്‍ഭരമായ മറ്റൊരു മണ്ഡലകാലം കൂടി വന്നെത്തി. കലിയുഗവരദനായ ശബരിമല അയ്യപ്പന്റെ ദര്‍ശന പുണ്യം പൂര്‍ണ്ണമായും ലഭിക്കണമെങ്കില്‍ വ്രതചര്യയും മറ്റ് ചിട്ടകളും ദര്‍ശനക്രമങ്ങളും കണിശമായും പാലിക്കണം എന്നാണ് വിശ്വാസം. മറ്റു വ്രതങ്ങളില്‍ നിന്നും ശബരിമല വ്രതത്തിന് നിരവധി പ്രത്യേകതകളുണ്ടെന്ന് ഹൈന്ദവ ആചാര്യന്‍മാര്‍ ചൂണ്ടിക്കാട്ടുന്നു.

വൃശ്ചികം ഒന്നു മുതല്‍ ധനു പതിനൊന്നു വരെയുള്ള നാല്‍പത്തിയൊന്നു ദിവസമാണ് ശബരിമല വ്രതം അനുഷ്ഠിക്കുന്നത്. തുലാംമാസത്തിലേ തന്നെ വ്രതം അനുഷ്ഠിച്ച് വൃശ്ചികം ആദ്യംതന്നെ അയ്യപ്പനെ കാണുവാന്‍ പോകുന്നതും പതിവാണ്. സുഖഭോഗങ്ങള്‍ ത്യജിച്ച് നിഷ്ഠകള്‍ പാലിച്ച് ശബരിമല സന്നിധാനത്ത് എത്തിയാല്‍ അയ്യപ്പന്റെ അനുഗ്രഹം ലഭിക്കുമെന്നാണ് വിശ്വാസം. മനസ്സും ശരീരവും ശുദ്ധമാക്കി 41 ദിവസം വ്രതം നോറ്റാലാണ് ഒരു അയ്യപ്പന്‍/മാളികപ്പുറം ശബരിമല ധര്‍മ്മ ശാസ്താദര്‍ശനത്തിന് വിധി പ്രകാരം അര്‍ഹത നേടുക. പുണ്യസഞ്ചയനം, ആഗ്രഹസാഫല്യം, പാപനാശം തുടങ്ങി നിരവധി കാര്യങ്ങളാണ് വ്രതത്തിലൂടെ ലക്ഷ്യമിടുന്നത്.

ജീവകടങ്ങളില്‍ നിന്നും മോചിപ്പിക്കാനുള്ള ഉപാധിയായാണ് ശബരിമല വ്രതത്തെ കരുതുന്നത്. ശബരിമല ശ്രീ ധര്‍മ്മശാസ്താവിനെ വ്രത നിഷഠയോടെ വേണം ദര്‍ശനം നടത്താന്‍. കന്നി അയ്യപ്പന്മാര്‍ മുതല്‍ ഗുരുസ്വാമി വരെ ഒരേ നിഷ്ഠകളാണ് പാലിക്കേണ്ടത്. ശബരിമല വ്രതത്തെ പൊതുവെ മണ്ഡല വ്രതം എന്നാണ് അറിയപ്പെടുന്നത്. ശബരിമല തീര്‍ത്ഥാടനം വ്രതശുദ്ധിയുടെതാണ്. മനസ്സും ശരീരവും ശുദ്ധമായിരിക്കണം. വ്രതനിഷ്ഠയില്‍ പ്രധാനം ബ്രഹ്മചര്യമാണ്. മാലയിട്ടാല്‍ അത് ഊരുന്നതു വരെ ക്ഷൗരം പാടില്ല.

വ്രതകാലത്ത് മത്സ്യമാംസാദി ഭക്ഷണം, പഴകിയ ഭക്ഷണം എന്നിവ കഴിക്കരുത്. വീടിനു പുറത്ത് നിന്ന് ഭക്ഷണം ഒഴിവാക്കാന്‍ നോക്കണം. ആരോടും ദേഷ്യം, അസൂയ, വിദ്വേഷം ഇവ തോന്നരുത്/കാട്ടരുത്. കള്ളം പറയരുത്/പ്രവര്‍ത്തിക്കരുത്. വൈകുന്നേരവും കുളിച്ച് ക്ഷേത്രദര്‍ശനമോ പൂജാമുറിയില്‍ വിളക്കു വച്ച് പ്രാര്‍ത്ഥിക്കുകയോ ചെയ്യണം. വ്രത വേളയില്‍ ലഹരിവസ്തുക്കള്‍ ഉപയോഗിക്കരുത്. വ്രത മുദ്രധരിച്ചു കഴിഞ്ഞാല്‍ പിന്നെ മരണവീടുകളില്‍ പോകരുത്.

വ്രതം തുടങ്ങുന്നത് മാലയിട്ടാണ് സാധാരണ പതിവ്. രുദ്രാക്ഷമാലയോ തുളസിമാലയോ സ്പടിക മാലയോ ഒക്കെ ധരിക്കാം. കെട്ടുനിറ ‘ അഥവാ ‘കെട്ടുമുറുക്ക്’ എന്ന ചടങ്ങോടെയാണ് അയ്യപ്പനെ ദര്‍ശിക്കാന്‍ പുറപ്പെടുക. വീട്ടില്‍ വച്ചോ ക്ഷേത്രത്തില്‍ വച്ചോ കെട്ടുനിറ നടത്താം. ഗുരുസ്വാമിയുടെ നേതൃത്വത്തില്‍ വേണം കെട്ടുനിറയ്ക്കല്‍ ചടങ്ങുകള്‍ നടത്താന്‍. ഇരുമുടിക്കെട്ടു താങ്ങിയശേഷം ഗണപതി ഭഗവാന് തേങ്ങയുടച്ചശേഷം വേണം യാത്ര തിരിക്കാന്‍. കെട്ടുനിറക്ക് മുമ്പ് മാല ധരിച്ച് മലകയറുന്നവരും ഉണ്ട്. മാലയിട്ട സ്ഥലത്ത് തന്നെ തിരിച്ചെത്തി വേണം അത് അഴിച്ചു മാറ്റാന്‍. മലയിറങ്ങിയ ഉടനെ മാല അഴിക്കുന്നത് ശരിയല്ലെന്നും ആചാര്യന്‍മാര്‍ പറയുന്നു.

വസ്ത്രധാരണം:
മാലയിട്ട് സ്വാമിയായി മാറിയാല്‍ കറുപ്പ്, നീല, കാവി നിറത്തിലെ വസ്ത്രങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കണം. ഏതു വസ്ത്രമായാലും കഴുകി വൃത്തിയാക്കി ധരിക്കണം.