മറിയക്കുട്ടിയേയും അന്നയേയും കണ്ട് രമേശ് ചെന്നിത്തല; 1600 രൂപ കൈമാറി
ക്ഷേമപെന്ഷന് കിട്ടാത്തതിന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിയേയും അന്നയേയും സന്ദര്‍ശിച്ച് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുവര്‍ക്കും സര്‍ക്കാരില്‍ നിന്ന് പെന്ഷന് ലഭിക്കുന്നതുവരെ 1600 രൂപ വീതം നല്‍കുമെന്ന് രമേശ് ചെന്നിത്തല പ്രഖ്യാപിച്ചു. ഇരുവര്‍ക്കും 1600 രൂപ നേരിട്ട് കൈമാറിക്കൊണ്ടായിരുന്നു രമേശ് ചെന്നിത്തലയുടെ പ്രഖ്യാപനം. 200 ഏക്കറിലെ വീട്ടില്‍ പാര്‍ട്ടി ജില്ലാ നേതാക്കള്‍ക്കൊപ്പം ആണ് രമേശ് ചെന്നിത്തല എത്തിയത്.
മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന നവകേരള സദസ്സിനെ രൂക്ഷമായ ഭാഷയിലാണ് രമേശ് ചെന്നിത്തല മാധ്യമങ്ങളെ കാണവേ വിമര്‍ശിച്ചത്. നവകേരള യാത്ര വന്‍പരാജയമാണെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. രാജഭരണ കാലത്തെ രാജാക്കന്മാരെ ഓര്‍മിപ്പിക്കുന്ന തരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും ജനങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ട് പ്രസംഗിക്കുന്നതല്ലാതെ ജനങ്ങളുടെ ആവലാതികളും പ്രശ്നങ്ങളും പരിഹരിക്കാന്‍ അവര്‍ ശ്രമിക്കുന്നില്ല. മുഖ്യമന്ത്രിയുടെ കയ്യില്‍ ഒരു നിവേദനം കൊടുക്കാന്‍ പോലും ആര്‍ക്കും സാധിക്കുന്നില്ല. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടി കണ്ടുപഠിക്കുമെന്നാണ് കരുതിയത്. എന്നാല്‍ ഇത് കേവലം തെരഞ്ഞെടുപ്പ് പ്രചരണ പരിപാടി മാത്രമായേ കാണാന്‍ സാധിക്കൂവെന്നും രമേശ് ചെന്നിത്തല വിമര്‍ശിച്ചു.
നവകേരള യാത്ര നടത്തുന്ന ബസ്സല്ല, മുഖ്യമന്ത്രിയേയും മന്ത്രിമാരേയുമാണ് കാഴ്ച ബംഗ്ലാവില്‍ വയ്ക്കേണ്ടതെന്ന് രമേശ് ചെന്നിത്തല തിരിച്ചടിച്ചു. ജനങ്ങള്‍ താമസിയാതെ ഇവരെ കാഴ്ച ബംഗ്ലാവില്‍ വയ്ക്കും. നവകേരള സദസ്സില്‍ എത്തുന്ന ആളുകളെ പലരേയും നിര്ബന്ധിച്ചുകൊണ്ടുവരുന്നവരാണ്. സ്വകാര്യ ബസുകളോട് പോലും ആളുകളെ നിര്‍ബന്ധിച്ച് എത്തിക്കാന്‍ പറയുന്നുണ്ടെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.