Kerala

അബൂബക്കര്‍ ലീഗ് ഭാരവാഹിയല്ല, ഉത്തരവാദിത്തപ്പെട്ടവര്‍ നവകേരള സദസില്‍ പങ്കെടുക്കില്ല: പിഎംഎ സലാം

Spread the love

നവകേരള സദസില്‍ മുസ്ലീം ലീഗ് നേതാവ് പങ്കെടുത്തെന്ന് പറഞ്ഞുകൊണ്ടുള്ള രാഷ്ട്രീയ വിവാദത്തെ തള്ളി മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. നവകേരള സദസില്‍ പങ്കെടുത്ത എന്‍ എ അബൂബക്കര്‍ ലീഗ് ഭാരവാഹിയല്ലെന്നാണ് അദ്ദേഹം വിശദീകരിക്കുന്നത്. ലീഗ് ഇക്കാര്യത്തില്‍ നേരത്തെ നിലപാട് വ്യക്തമാക്കിയതാണെന്നും പിഎംഎ സലാം പറഞ്ഞു. എന്‍ എ അബൂബക്കറിന് പാര്‍ട്ടിയുടെ ഔദ്യോഗിക ഭാരവാഹിത്വമില്ല. ഉത്തരവാദിത്തപ്പെട്ടവര്‍ നവകേരള സദസിലേക്ക് പോകില്ലെന്നാണ് വിശ്വാസമെന്നും പിഎംഎ സലാം പറഞ്ഞു.

നവകേരള സദസില്‍ ലീഗ് നേതാക്കള്‍ പങ്കെടുത്തതായി ശ്രദ്ധയില്‍പ്പെട്ടാല്‍ നടപടിയുണ്ടാകുമെന്ന് പിഎംഎ സലാം പറയുന്നു. വളരെ വ്യക്തമായി യുഡിഎഫ് തീരുമാനം എടുത്തിട്ടുണ്ടെന്നും നവകേരള സദസുമായി യുഡിഎഫ് സഹകരിക്കില്ലെന്നും പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചിട്ടുണ്ട്.

നവകേരള സദസിന്റെ പൗരപ്രമുഖരുടെ യോഗത്തിലാണ് ലീഗ് സംസ്ഥാന കൗണ്‍സില്‍ അംഗമായ എന്‍എ അബൂബക്കര്‍ പങ്കെടുത്തത്. നായന്മാര്‍മൂല ലീഗ് യൂണിറ്റ് പ്രസിഡന്റുകൂടിയാണ് ഇദ്ദേഹം. നവകേരള സദസിന്റെ ആദ്യ പ്രഭാതയോഗമാണ് കാസര്‍ഗോഡ് നടന്നത്. മന്ത്രിമാര്‍ ഒന്നിച്ചെത്തിയത് ജില്ലയ്ക്ക് ഗുണം ചെയ്യുമെന്ന് അബൂബക്കര്‍ പറഞ്ഞിരുന്നു. കാസര്‍ഗോഡ് മേല്‍പ്പാല നിര്‍മ്മാണം ഉടന്‍ പൂര്‍ത്തിയാക്കണമെന്ന് അബൂബക്കര്‍ ആവശ്യപ്പെടുകയും ചെയ്തു.