ധൂം, ധൂം 2 ചിത്രങ്ങളുടെ സംവിധായകന് സഞ്ജയ് ഗധ്വി അന്തരിച്ചു
പ്രശസ്ത ബോളിവുഡ് സംവിധായകന് സഞ്ജയ് ഗധ്വി അന്തരിച്ചു. 57 വയസാകാന്‍ മൂന്ന് ദിവസം മാത്രം ശേഷിക്കെയാണ് അന്ത്യം. ധൂം, ധൂം 2 ചിത്രങ്ങളിലൂടെ പാന്‍ ഇന്ത്യ പ്രശസ്തിയാര്‍ജിച്ച സംവിധായകനാണ് സഞ്ജയ് ഗധ്വി. മരണവിവരം ഇദ്ദേഹത്തിന്റെ മകള്‍ സഞ്ജിന ഗധ്വി സ്ഥിരീകരിച്ചു.
പിതാവിന് യാതൊരുവിധ ആരോഗ്യപ്രശ്നങ്ങളുമില്ലായിരുന്നെന്നും ഹൃദയാഘാതമാണ് മരണത്തിന് കാരണമെന്നാണ് പ്രാഥമികമായി മനസിലാക്കുന്നതെന്നും സഞ്ജിന ഗധ്വി വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. ബോളിവുഡ് താരങ്ങളായ അഭിഷേക് ബച്ചന്, ബിപാഷ ബസു തുടങ്ങിയവര്‍ സമൂഹമാധ്യമങ്ങളിലൂടെ സഞ്ജയ് ഗധ്വിയുടെ വിയോഗത്തില്‍ ഞെട്ടലും ദുഃഖവും രേഖപ്പെടുത്തി.
2000ല്‍ പുറത്തിറങ്ങിയ തേരേ ലിയേ എന്ന ചിത്രത്തിലൂടെയാണ് സഞ്ജയ് ആദ്യമായി ചലച്ചിത്ര സംവിധാന രംഗത്ത് അരങ്ങേറ്റം കുറിച്ചത്. യാഷ് രാജ് ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിച്ച നിരവധി ചിത്രങ്ങള്‍ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. അവയില്‍ ധൂം, ധൂം 2, 2002-ല്‍ പുറത്തിറങ്ങിയ മേരേ യാര് കി ഷാദി ഹേ എന്നിവ പ്രശസ്തമാണ്. 2008-ല്‍ സഞ്ജയ് ദത്ത്, ഇമ്രാന് ഖാന്, മിനിഷ ലാംബ എന്നിവര്‍ അഭിനയിച്ച കിഡ്നാപ്പ്, 2012-ല്‍ അര്ജുന് രാംപാല്‍ നായകനായ അജബ് ഗസാബ് ലവ്, 2020-ല്‍ അമിത് സാദും രാഹുല്‍ ദേവും അഭിനയിച്ച ഓപ്പറേഷന് പരിന്ദേ മുതലായ ചിത്രങ്ങളും സഞ്ജയുടേതായുണ്ട്.