Kerala

ഒന്നുമില്ലാത്ത ഒരു സാധരണ ബസാണത്; മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്നുവെന്ന പ്രാധാന്യം ഉണ്ട്; മന്ത്രി ആന്റണി രാജു

Spread the love

നവകേരള സദസിന് ഉപയോഗിക്കുന്ന ബസ് സാധരണ ബസാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ഫ്രിഡ്ജ്, കിടപ്പുമുറി, വട്ടമേശ സമ്മേളനത്തിനുള്ള മുറി ഇതൊന്നും ഇല്ലാത്ത ഒരു സാധാരണ ബസാണെന്ന് മന്ത്രി പറഞ്ഞു. ആകെ ഒരു വാഷ്‌റൂം മാത്രമാണ് വലിയ സംവിധാനം എന്ന നിലയിൽ പറയാവുന്നതെന്ന് മന്ത്രി പറഞ്ഞു. എല്ലാ ബസിലും ഉള്ളതു പോലെ സീറ്റ് ഉണ്ട്. സ്‌റ്റെപിന് ഉയര കൂടുതലുള്ളതുകൊണ്ട് ബസിൽ കയറാൻ ഓട്ടോമാറ്റിക് സംവിധാനവും ഉണ്ടെന്ന് മന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിക്കുന്നുവെന്ന പ്രാധാന്യം ബസിനുണ്ടെന്ന് മന്ത്രി പറഞ്ഞു. നവകേരള സദസിന് ശേഷം ബസ് ബജറ്റ് ടൂറിസത്തിന് ഉപയോഗിക്കുമെന്നും ഇതൊരു സാധരണ ബസാണെന്നും മന്ത്രി വ്യക്തമാക്കി. പ്രതിപക്ഷം ഇത്തരം പരപാടികൾ കാണുമ്പോൾ അങ്കലാപ്പിലാണെന്നും ഹാലിളക്കത്തിലാണെന്നും മന്ത്രി വിമർശിച്ചു.

നവകേരള സദസിന് ഉപയോഗിക്കുന്നതിനാൽ ബസിന് കളർകോഡ് കൊടുക്കാൻ സർക്കാരിന് അധികാരമുണ്ടെന്നും ആ അധികാരം ഉപയോഗിച്ചു അത്രയൂള്ളൂവെന്നും മന്ത്രി വിശദീകരിച്ചു. 35 ദിവസം കഴിയുമ്പോൾ സാധരണക്കാരന് ഉപയോഗിക്കാൻ കഴിയുമെന്ന് മന്ത്രി പറഞ്ഞു.

ബസിനായി 1.05 കോടി രൂപയാണ് ധനവകുപ്പ് പബ്ലിക് റിലേഷൻസ് വകുപ്പിന് അനുവദിച്ചത്. 44 ലക്ഷം രൂപയാണ് ഷാസിയുടെവില. ഈ മാസം 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ് സംഘടിപ്പിക്കുന്നത്. നവകേരള സദസിന് ഇന്ന് തുടക്കമാകും. വൈകുന്നേരം 3.30 ന് മഞ്ചേശ്വരം പൈവെളിഗെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിലാണ് സംസ്ഥാനതല ഉദ്ഘാടനം.

നാലു മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് മണ്ഡലം സദസ്സ് നടക്കുന്നത്. പരിപാടിയോടനുബന്ധിച്ച് ജില്ലയിൽ കനത്ത സുരക്ഷ ഏർപ്പെടുത്തിയിരിക്കുകയാണ്. കാസർഗോഡ്, ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂർ എന്നീ മണ്ഡലങ്ങളിൽ ഞായറാഴ്ചയാണ് പര്യടനം. നവകേരള സദസ്സ് നടക്കുന്ന ദിവസം പ്രത്യേകം ക്ഷണിക്കപ്പെട്ട വ്യക്തികളുമായി രാവിലെ 9 മണിക്ക് മുഖ്യമന്ത്രിയും മന്ത്രിമാരും കൂടിക്കാഴ്ച നടത്തും. തുടർന്നാണ് ജനങ്ങൾക്ക് മുന്നിലേക്ക് എത്തുന്നത്.