Kerala

‘നവകേരള യാത്ര ഈ സർക്കാരിൻറെ അന്ത്യയാത്ര, അഴിമതിയും കൊള്ളയും മറച്ചുവയ്ക്കാനാണ് ശ്രമം’; കെ.സുരേന്ദ്രൻ

Spread the love

മുഖം മിനുക്കാനുള്ള സദസല്ല സർക്കാരിൻറെ മുഖം വികൃതമാക്കാനുള്ള സദസാണ് നടക്കുന്നതെന്ന് കെ സുരേന്ദ്രൻ. നവകേരള സദസ്സ് കഴിയുമ്പോൾ സർക്കാരിൻറെ മുഖം കൂടുതൽ വികൃതമാകും.അഴിമതിയും കൊള്ളയും മറച്ചുവയ്ക്കാനാണ് ഇങ്ങനെയൊരു സദസ്സ് നടത്തുന്നത്. ഈ സർക്കാർ എത്രത്തോളം ജനദ്രോഹ നിലപാടുമായി മുന്നോട്ട് പോകുന്നത് എന്നതിന്റെ തെളിവാണ് കോടിക്കണക്കിന് രൂപ ചെലവഴിച്ചുള്ള നവകേരള സദസ്സ്. ഈ സർക്കാരിൻറെ അന്ത്യയാത്രയാണ് ഇപ്പോൾ നടക്കുന്നതെന്നും കെ സുരേന്ദ്രൻ പ്രതികരിച്ചു.

പിണറായി സർക്കാരിന്റെ നവകേരള ജനസദസ്സിന് ഇന്ന് കാസർഗോഡ് തുടക്കമാവുകയാണ്. ജനങ്ങളിൽ നിന്നു നിർദേശങ്ങൾ സ്വീകരിക്കാനും അവരുടെ പരാതികൾക്കു പരിഹാരം കാണാനും മുഖ്യമന്ത്രിയും 20 മന്ത്രിമാരും ഒരു ബസിൽ 140 നിയോജക മണ്ഡലങ്ങളിലും എത്തുന്ന പരിപാടിയെ വലിയ പ്രതീക്ഷയോടെയാണ് സർക്കാർ കാണുന്നത്.

വൈകിട്ട് 3.30ന് കാസർകോട് മഞ്ചേശ്വരം പൈവളിഗെ ഗവ.ഹയർ‌ സെക്കൻഡറി സ്കൂളിലാണ് യാത്രയുടെ ഉദ്ഘാടനവും മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ സദസ്സും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. മന്ത്രി കെ.രാജൻ അധ്യക്ഷത വഹിക്കും. യുഡിഎഫ് നവകേരളസദസ്സ് ബഹിഷ്കരിക്കുകയാണ്.

മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും സഞ്ചരിക്കാനുള്ള ബസ് കേരളത്തിലെത്തിച്ചു. പുലർച്ചെ രണ്ട് മണിയോടെയാണ്‌ ബസ് കാസർഗോഡ് ജില്ലയിൽ പ്രവേശിച്ചത്.