Kerala

‘ലോകായുക്തയെ സർക്കാർ സ്വാധീനിച്ചു; ഹൈക്കോടതിയെ സമീപിക്കും’; ഹർജിക്കാരൻ

Spread the love

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റിയ കേസിൽ ഹർജി തള്ളിയ ലോകായുക്ത വിധിക്കെതിരെ ഹൈക്കോടതിയിൽ സമീപിക്കുമെന്ന് ഹർജിക്കാരൻ ആർഎസ് ശശികുമാർ. ലോകായുക്ത മുട്ടിലിഴയുകയാണെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും ഡിവിഷൻ ബെഞ്ചിൽ നിന്ന് വിധി കിട്ടിയില്ലെങ്കിൽ സുപ്രിംകോടതിയെ സമീപിക്കുമെന്നും ആർഎസ് ശശികുമാർ പറയുന്നു.

അപേക്ഷ പോലും എഴുതി വാങ്ങാതെയാണ് പണം കൊടുത്തിരിക്കുന്നതെന്നും ഇത്തരത്തിൽ പണം കൊടുക്കാൻ സർക്കാരിന് കഴിയില്ലെന്നും ശശി കുമാർ പറഞ്ഞു. ഒന്നിച്ചുകട്ടു വീതം വെച്ചെടുക്കാനുള്ളതാണ് മന്ത്രിസഭയെന്ന് ശശികുമാർ ചോദിച്ചു. ലോകായുക്തയെ നശിപ്പിച്ചതിന് ഗവൺമെന്റിനും ന്യായധിപരുമാണ് ഉത്തരവാദികളെന്ന് ശശികുമാർ പറഞ്ഞു. എന്തിനാണ് ഇങ്ങനെയൊരു വെള്ളാനയെന്നും ലോകായുക്ത വേണ്ടയെന്ന വെക്കുകയാണേൽ കോടി കണക്കിന് രൂപ ഖജനാവിന് മുതൽക്കൂട്ടാവുമെന്നും അദ്ദേഹം പറഞ്ഞു.

ഈ വിധിയിൽ അതിശയപ്പെടുന്നില്ലെന്നും യാതൊരുവിധത്തിലുള്ള എത്തിക്സും ഇല്ലാത്തവരാണ് ലോകായുക്തയിൽ ഉള്ളത് എന്നും ഹർജിക്കാരൻ ആർഎസ് ശശികുമാർ പ്രതികരിച്ചു. വന്നത് പ്രതീക്ഷിച്ച വിധിയെന്നും ശശികുമാർ. മന്ത്രിസഭയ്ക്ക് പണം നൽകാൻ മന്ത്രിസഭയ്ക്ക് അധികാരമുണ്ടെന്ന് ലോകായുക്ത ചൂണ്ടിക്കാണിച്ചു.

ഫണ്ട് നൽകാൻ മുഖ്യമന്ത്രിക്ക് അധികാരമുണ്ടെന്നാണ് ലോകായുക്തയുടെ കണ്ടെത്തൽ. ലോകായുക്ത മൂന്നംഗ ബഞ്ചാണ് ഹർജി തള്ളിയത്. മന്ത്രിസഭ അഴിമതിയും സ്വജനപക്ഷപാതവും നടത്തിയതായി കണ്ടെത്തുന്നില്ല. രാഷ്ട്രീയ അനുകൂലമായ തീരുമാനം ആണെന്ന് കണക്കാക്കാൻ തെളിവില്ലെന്നും ലോകായുക്തയുടെ കണ്ടെത്തൽ.