വ്യാപക പരിശോധന; ബുള്ളറ്റ് പ്രൂഫ് ബോക്‌സിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ചു, പിടികൂടിയത് 800 കിലോ ഹാഷിഷ്
കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് കടത്താൻ ശ്രമിച്ച 800 കിലോ ഹാഷിഷ് പിടികൂടി. വിദഗ്ധമായി ഒളിപ്പിച്ച നിലയിലാണ് മയക്കുമരുന്ന് പിടികൂടിയത്. ക്രിമിനൽ സുരക്ഷാ വിഭാഗം, കുവൈത്തിലെ ജനറൽ ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡ്രഗ് കൺട്രോൾ, ലെബനീസ് റിപ്പബ്ലിക്കിലെ സുരക്ഷാ അതോറിറ്റികളുമായി സഹകരിച്ചാണ് പരിശോധന നടത്തിയത്.
മയക്കുമരുന്ന് നിയന്ത്രണ ഏജൻസികൾ തമ്മിലുള്ള സഹകരണത്തിലും സംയുക്ത ഏകോപനത്തിലുമാണ് കര്‍ശന പരിശോധനകള്‍ നടക്കുന്നത്. ബുള്ളറ്റ് പ്രൂഫ് ബോക്‌സിനുള്ളിൽ തടികൊണ്ട് നിര്‍മ്മിച്ച മോഡലുകൾക്കുള്ളിൽ സൂക്ഷ്മമായി ഒളിപ്പിച്ച നിലയിലായിരുന്ന ഹാഷിഷ് ഒളിപ്പിച്ചിരുന്നത്. കുവൈത്തിലേക്ക് കയറ്റുമതി ചെയ്യുന്നതിന് മുമ്പായി തന്നെ ലെബനനില്‍ ഹാഷിഷ് പിടിച്ചെടുക്കാൻ സാധിച്ചതായി അധികൃതര്‍ വ്യക്തമാക്കി.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ ലബനനില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. ഇയാളെയും പിടിച്ചെടുത്ത ലഹരി മരുന്നും തുടര്‍ നിയമ നടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറി, മയക്കുമരുന്ന് കള്ളക്കടത്തില്‍ ഉള്‍പ്പെട്ടെ മറ്റ് പ്രതികളെ കണ്ടെത്താനുള്ള അന്വേഷണം ഊര്‍ജിതമായി തുടരുകയാണ്.
അതേസമയം കഴിഞ്ഞ ദിവസം കുവൈത്തില്‍ വ്യത്യസ്ത കേസുകളിലായി 13 കിലോഗ്രാം ലഹരിമരുന്ന്. പിടികൂടിയിരുന്നു. മയക്കുമരുന്ന് കേസുകളുമായി ബന്ധപ്പെട്ട് 16 കേസുകളിലായി 20 പേരെ നാർക്കോട്ടിക്സ് കൺട്രോൾ ജനറൽ ഡിപ്പാർട്ട്മെന്റ് അറസ്റ്റ് ചെയ്തിരുന്നു. വിവിധ രാജ്യക്കാരായ 16 പേരാണ് പിടിയിലായിട്ടുള്ളത്.
ക്രിസ്റ്റൽ മെത്ത്, ഹാഷിഷ്, കെമിക്കൽസ്, കഞ്ചാവ്, കൊക്കെയ്ൻ എന്നിവയുൾപ്പെടെ ഏകദേശം 13 കിലോഗ്രാം വിവിധ മയക്കുമരുന്നുകൾ ഇവരിൽ നിന്ന് പിടിച്ചെടുത്തു. കൂടാതെ, ലാറിക്ക, ക്യാപ്റ്റഗൺ, സിനെക്സ്, മെറ്റാഡോൾ തുടങ്ങിയ വിവിധ സൈക്കോട്രോപിക് പദാർത്ഥങ്ങൾ അടങ്ങിയ 29,100 ഗുളികകൾ കണ്ടെടുത്തിട്ടുണ്ട്. മയക്കുമരുന്ന് വിൽപ്പനയിൽ നിന്ന് ലഭിച്ച പണവും പിടിച്ചെടുത്തു. പ്രതികളിലൊരാൾ ലൈസൻസില്ലാത്ത വെടിമരുന്ന് കൈവശം വച്ചിരുന്നു. പ്രതികളെയും പിടിച്ചെടുത്ത ലഹരിമരുന്നും തുടർ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.