Kerala

മത്സ്യ ബന്ധനത്തിനിടെ കടലിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി

Spread the love

മത്സ്യ ബന്ധനത്തിനിടെ കടലിൽ കാണാതായ തൊഴിലാളിയുടെ മൃതദേഹം കണ്ടെത്തി. പുന്നപ്ര വടക്ക് പഞ്ചായത്ത് ഒന്നാം വാർഡ് തൈപ്പറമ്പ് വീട്ടിൽ സൈറസിൻ്റെ (59) മൃതദേഹമാണ് വാടക്കൽ വാടപ്പൊഴിക്ക് സമീപം വള്ളത്തിലെ തൊഴിലാളികൾ കണ്ടെത്തിയത്.

മത്സ്യത്തൊഴിലാളിക്ക് വേണ്ടി തെരച്ചില്‍ നടത്തുന്നതിലുണ്ടായ വീഴ്ചയെ ചൊല്ലി നാട്ടുകാർ എച്ച് സലാം എംഎൽഎയെ തടഞ്ഞു വയ്ക്കുകയും റോഡ് ഉപരോധിക്കുകയും ചെയ്തിരുന്നു. മത്സ്യ ബന്ധനത്തിനിടെ കടലില്‍ തൊഴിലാളിയെ കാണാതായിട്ട് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും സര്‍ക്കാരിന്റെ ഇടപെടലുകള്‍ ഇല്ലാത്തതിനെ തുടര്‍ന്നായിരുന്നു നാട്ടുകാരുടെയും മത്സ്യത്തൊഴിലാളികളുടെയും പ്രതിഷേധം.

മത്സ്യത്തൊഴിലാളികളുടെ നേതൃത്വത്തില്‍ ആലപ്പുഴ കളര്‍കോഡ് ബൈപ്പാസ് ജംഗ്ഷനില്‍ വാഹനങ്ങള്‍ തടഞ്ഞ് ഉപരോധിച്ചിരുന്നു. രാവിലെ 11.30 ഓടെ വാടക്കല്‍ മത്സ്യഗന്ധിക്ക് സമീപം സൈറസിന്റെ പൊന്തുവള്ളം കരയ്ക്കടിഞ്ഞു. മത്സ്യത്തൊഴിലാളിലെ കാണാതായി മണിക്കൂറുകള്‍ കഴിഞ്ഞാണ് തെരച്ചിലിന് ഫിഷറീസ് ബോട്ട് എത്തിയതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് വൈകിട്ട് 7 മണിയോടെ സ്ഥലത്തെത്തിയ എംഎല്‍എയെ നാട്ടുകാര്‍ തടയുകയായിരുന്നു.