ഹരിയാന വ്യാജ മദ്യദുരന്തം; മരണസംഖ്യ 18 ആയി; 24 മണിക്കൂറിനിടെ ആറ് പേർ കൂടി മരിച്ചു
ഹരിയാന വ്യാജ മദ്യദുരന്തത്തിൽ മരണം 18 ആയി. 24 മണിക്കൂറിനിടെ ആറുപേർ കൂടി മരിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ യമുനാ നഗർ പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. യമുനാനഗറിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് വ്യാജമദ്യ ദുരന്തം ഉണ്ടായത്
വ്യാജ മദ്യ ദുരന്തത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ ആറു പേർ കൂടി മരിച്ചു. ഫൂസ്ഗഡ്, മണ്ടേബാരി, പഞ്ചേതോ കാ മജ്ര, സരൺ ഗ്രാമങ്ങളിൽ നിന്നുള്ളവരാണ് മരിച്ചവരിൽ ഭൂരിഭാഗവും.പോലീസ് അന്വേഷണത്തിൽ വ്യാജ മദ്യം നിർമിച്ചവരും വിൽപന നടത്തിയവരുമായി 7 പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്.ചോദ്യം ചെയ്തതിൽ കൂടുതൽ പേരുകൾ പുറത്തു വന്നിട്ടുണ്ടെന്നും ഇവരെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും പോലീസ് അറിയിച്ചു.പ്രധാന പ്രതികളായ കപിൽ പണ്ഡിറ്റ്,അങ്കിത് എന്നിവർ ഒളിവിലാണ്.പ്രവർത്തന രഹിതമായ പഴയ ഫാക്ടറി കേന്ദ്രീകരിച്ചായിരുന്നു വ്യാജ മദ്യ നിർമാണം.വ്യാജ മദ്യം തയ്യാറാക്കാൻ ഉപയോഗിച്ച 14 ഡ്രമ്മുകൾ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
അന്വേഷണത്തിനായി പ്രത്യേക സംഘത്തെയും യമുന നഗർ പോലീസ് രൂപീകരിച്ചു. മുൻകാലങ്ങളിൽ ഉണ്ടായ വ്യാജമദ്യ ദുരന്തങ്ങളിൽ നിന്ന് പാഠം പഠിക്കുന്നതിൽ ബിജെപി സർക്കാർ പരാജയപ്പെട്ടു എന്ന് പ്രതിപക്ഷം ആരോപിച്ചു. കുറ്റവാളികളെ വെറുതെവിടില്ലെന്നും കർശന നടപടി സ്വീകരിക്കുമെന്നും ഹരിയാന മന്ത്രി കൻവർ പാൽ വിഷയത്തിൽ പ്രതികരിച്ചു.