National

ഡല്‍ഹിയിലെ വായു ഗുണനിലവാരം മോശമായി തന്നെ തുടരുന്നു; ദീപാവലി ആഘോഷങ്ങളില്‍ ആശങ്കയില്‍ സര്‍ക്കാര്‍

Spread the love

ദീപാവലി ആഘോഷങ്ങളില്‍ ആശങ്കയില്‍ ഡല്‍ഹി സര്‍ക്കാര്‍. മഴയെ തുടര്‍ന്ന് മെച്ചപ്പെട്ട വായു ഗുണനിലവാരം ദീപാവലിക്ക് ശേഷം വളരെ മോശം അവസ്ഥയിലേക്ക് മാറാന്‍ സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍.നിലവില്‍ വായു ഗുണനിലവാര സൂചിക 300ല്‍ താഴെയാണ് രേഖപ്പെടുത്തിയത്. ഈ പശ്ചാത്തലത്തില്‍ ഒറ്റ, ഇരട്ട അക്ക ഗതാഗത നിയന്ത്രണം നടപ്പാക്കുന്നത് നീട്ടി വയ്ക്കുമെന്ന് ഡല്‍ഹി സര്‍ക്കാര്‍ അറിയിച്ചു. ദീപാവലിക്ക് ശേഷം സ്ഥിതി വിലയിരുത്തിയ ശേഷമായിരിക്കും തുടര്‍ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുക. വായു ഗുണനിലവാരം വളരെ മോശം അവസ്ഥയിലേക്ക് മാറിയാല്‍ കൃത്രിമ മഴ പെയ്യിക്കാനായുള്ള അനുമതിക്കായി ഡല്‍ഹി സര്‍ക്കാര്‍ കേന്ദ്രത്തെ സമീപിക്കുമെന്നാണ് വിവരം.

ഡല്‍ഹിയിലെ വായുനിലവാരം നിലവില്‍ മോശമായി തന്നെ തുടരുകയാണെന്നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വിലയിരുത്തല്‍. എയര്‍ ക്വാളിറ്റി ഇന്‍ഡക്‌സ് ആനന്ദ് വിഹാറില്‍ 266, ആര്‍ ജെ പുരത്ത് 241, പഞ്ചാബ് ബാഗ് മേഖലയില്‍ 233 എന്ന നിരക്കുകളില്‍ തുടരുകയാണെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ കണക്കുകള്‍ സൂചിപ്പിക്കുന്നു.

വെള്ളിയാഴ്ച പെയ്ത മഴയെ തുടര്‍ന്ന് ശനിയാഴ്ച ഡല്‍ഹിയിലെ വായുനിലവാരത്തില്‍ നേരിയ പുരോഗതിയുണ്ടായിരുന്നു. മഴയെത്തുടര്‍ന്ന് ഡല്‍ഹിയിലെ വായുനിലവാര അവസ്ഥ ‘വളരെ മോശം’ എന്നതില്‍ നിന്ന് ‘മോശം’ എന്ന അവസ്ഥയിലേക്ക് മാറിയതായി കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വിലയിരുത്തിയിരുന്നു.