‘തെരുവിൽ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് 500 രൂപ വീതം സമ്മാനം’; കൈയടി നേടി അഫ്ഗാന്‍ താരം ഗുര്‍ബാസ്
ഗുജറാത്തിലെ അഹമ്മദാബാദിലെ തെരുവില്‍ അന്തിയുറങ്ങുന്ന പാവങ്ങള്‍ക്ക് ദീപാവലി തലേന്ന് സമ്മാനവുമായി അഫ്ഗാന്‍ ഓപ്പണര്‍ റഹ്മാനുള്ള ഗുര്‍ബാസ്. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് ഗുര്‍ബാസ് ദീപാവലി സമ്മാനവുമായി തെരുവിലിറങ്ങിയത്.
കാറില്‍ വന്നിറങ്ങിയ ഗുര്‍ബാസ് തെരുവില്‍ കിടന്നുറങ്ങുന്ന പാവങ്ങള്‍ക്ക് 500 രൂപ വീതം ദീപാവലി ആഘോഷിക്കാന്‍ സമ്മാനമായി നല്‍കി. കിടന്നുറങ്ങുന്നവരെ വിളിച്ചുണര്‍ത്തുകയോ ശല്യം ചെയ്യുകയോ ചെയ്യാതെ അവരുടെ തലയുടെ അടുത്ത് പണം വെച്ച് ഗുര്‍ബാസ് അതിവേഗം കാറില്‍ കയറിപോകുകയും ചെയ്തു.
ലോകകപ്പില്‍ മുന്‍ ചാമ്പ്യന്‍മാരായ പാകിസ്താനെയും നിലവിലെ ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിനെയും അട്ടിമറിച്ച അഫ്ഗാന്‍ തോറ്റ മത്സരങ്ങളില്‍ പോലും മികച്ച പോരാട്ടവീര്യം പുറത്തെടുത്തിരുന്നു. സെമി കണ്ടില്ലെങ്കിലും ഈ ലോകകപ്പില്‍ മികച്ച ടീമുകളുടെ തലയെടുത്ത അഫ്ഗാന്‍ തല ഉയര്‍ത്തി തന്നെയാകും നാട്ടിലേക്ക് മടങ്ങുക.