Kerala

ദീപാവലി മാത്രമല്ല, ക്രിസ്മസ്-ന്യൂ ഇയറിനും ബാധകം; എങ്ങനെ, എപ്പോൾ, എന്തൊക്കെ, പടക്കം ഉപയോഗത്തിന് നിയന്ത്രണം

Spread the love

തിരുവനന്തപുരം: ദീപാവലിയുടെ പശ്ചാത്തലത്തിൽ പഠക്കം പൊട്ടിക്കുന്നതുമായി ബന്ധപ്പെട്ട മാർഗനിർദേശവുമായി സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ്. നിശബ്ദ മേഖലകളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുത്.
നിശബ്ദ മേഖലകളായ ആശുപത്രികൾ, കോടതികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാലയങ്ങൾ തുടങ്ങിയവയുടെ 100 മീറ്ററിനുള്ളിൽ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങൾ പൊട്ടിക്കരുതെന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡ് നിർദേശം നൽകി.

ആഘോഷവേളകളിലെ പടക്കങ്ങളുടെ ഉപയോഗവുമായി ബന്ധപ്പെട്ട സുപ്രീം കോടതി ഉത്തരവും ദേശീയ ഹരിത ട്രിബ്യൂണൽ ഉത്തരവും, കേരള സംസ്ഥാന മലിനീകരണ നിയന്ത്രണ ബോർഡിന്റെ നിർദ്ദേശവും കണക്കിലെടുത്ത് ‘ഗ്രീൻ ക്രാക്കറുകൾ’ (ഹരിതപടക്കങ്ങൾ) മാത്രമേ സംസ്ഥാനത്ത് വിൽക്കുവാനും ഉപയോഗിക്കുവാനും പാടുള്ളൂ എന്നും ‘ഗ്രീൻ ക്രാക്കറുകൾ’ ഉപയോഗിക്കുന്ന സമയം ദീപാവലിക്ക് രാത്രി എട്ടിനും പത്തിനും ഇടയിലുള്ള 2 മണിക്കൂർ ആക്കി നിജപ്പെടുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിട്ടുണ്ടെന്നും ബോർഡ് അറിയിച്ചു.

ദീപാവലി ആഘോഷത്തിന് പടക്കം പൊട്ടിക്കുന്നത് രാത്രി എട്ടിനും പത്തിനും ഇടയില്‍ പരമാവധി രണ്ടു മണിക്കൂറാക്കിയതായി നേരത്തെ സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കിയിരുന്നു. വായൂ ഗുണനിലവാരം മിതമായതോ അതിനു താഴെയുള്ളതോ ആയ നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഗ്രീന്‍ ട്രിബ്യൂണല്‍ പുറപ്പെടുവിച്ച വിധിയുടെ അടിസ്ഥാനത്തിലായിരുന്നു ഉത്തരവ്.

ആഘോഷങ്ങളില്‍ ഹരിത പടക്കങ്ങള്‍ മാത്രമേ വില്‍ക്കാന്‍ പാടുള്ളൂവെന്നും ജില്ലാ മജിസ്‌ട്രേറ്റുമാര്‍, ജില്ലാ പൊലീസ് മേധാവിമാര്‍ എന്നിവര്‍ ഇക്കാര്യങ്ങള്‍ ഉറപ്പാക്കണമെന്നും ഉത്തരവില്‍ പറഞ്ഞിരുന്നു. ക്രിസ്മസ്, ന്യൂ ഇയര്‍ ആഘോഷങ്ങള്‍ക്ക് പടക്കം പൊട്ടിക്കുന്നത് രാത്രി 11.55 മുതല്‍ 12.30 വരെയാക്കിയും നിയന്ത്രിച്ചതായി സര്‍ക്കാര്‍ അറിയിച്ചു.