സിപിഐഎം സെക്രട്ടേറിയറ്റും എൽഡിഎഫ് യോഗവും ഇന്ന്
നിർണായക ഇടതുമുന്നണി യോഗം ഇന്ന്. ഉച്ചകഴിഞ്ഞ് മൂന്നിന് എകെജി സെന്ററിലാണ് ഇടതുമുന്നണി യോഗം. ഇതിന് മുന്നോടിയായി സിപിഐഎം സെക്രട്ടേറിയറ്റ് യോഗവും രാവിലെ 10ന് ചേരും. നവകേരള സദസ്സിന്റെ ഒരുക്കങ്ങൾ മുന്നണി യോഗം വിലയിരുത്തും. മുന്നണിയിലെ ധാരണ അനുസരിച്ച് മന്ത്രിസ്ഥാനം വേണമെന്ന് കേരള കോൺഗ്രസ്(ബി) ആവശ്യപ്പെട്ടതും യോഗം പരിഗണിച്ചേക്കും.
ഒരു എംഎൽഎ മാത്രമുള്ള പാർട്ടികളുടെ മന്ത്രിസ്ഥാനത്തിനു നിശ്ചയിച്ച രണ്ടര വർഷ കാലാവധി, വരുന്ന 20 ന് പൂർത്തിയാകുന്നതിനാൽ 18 ന് ആരംഭിക്കുന്ന നവകേരള സദസ്സിനു മുൻപ് മന്ത്രിസഭാ പുനഃസംഘടന നടത്തണമെന്നാണ് പാർട്ടിയുടെ ആവശ്യം. എന്നാൽ നവകേരള സദസ്സിനു ശേഷമേ മന്ത്രിസഭാ പുനഃസംഘടന നടത്താനാകൂ എന്ന നിലപാട് മുഖ്യമന്ത്രിയും ഇടതുമുന്നണി നേതൃത്വവും അറിയിക്കാനാണ് സാധ്യത.
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 സബ്‌സിഡി അവശ്യസാധനങ്ങളുടെ വില വർധിപ്പിക്കണമെന്ന ആവശ്യം മുന്നണിയോഗം പരിഗണിക്കും. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് സപ്ലൈകോ വിലവർധന ആവശ്യപ്പെട്ടത്. എന്നാൽ വിലക്കയറ്റത്തിലെ ജനരോഷവും രാഷ്ട്രീയ പ്രത്യാഘാതവും മുന്നണിയോഗം പരിഗണിക്കും.