National

കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വീട്ടിൽ ആദായ നികുതി റെയ്ഡ്

Spread the love

തെലങ്കാനയിലെ കോൺഗ്രസ് സ്ഥാനാർത്ഥിയുടെ വസതിയിൽ ആദായനികുതി റെയ്ഡ്. പി ശ്രീനിവാസ് റെഡ്ഡിയുടെ വീട്ടിലും ഓഫിസുകളിലുമാണ് പരിശോധന. നവംബർ 30ന് തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിന് നടക്കാനിരിക്കെയാണ് റെയ്ഡ്.

റെഡ്ഡിയുടെ ഖമ്മം ഓഫീസിലും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ പരിശോധന നടത്തുന്നുണ്ടെന്നാണ് വിവരം. ജില്ലയിലെ പാലയർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് റെഡ്ഡി മത്സരിക്കുന്നത്. ഇന്ന് അദ്ദേഹം നാമനിർദേശ പത്രിക സമർപ്പിക്കേണ്ടതായിരുന്നുവെന്ന് മാധ്യമ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

റെയ്ഡിൽ പ്രതിഷേധിച്ച് കോൺഗ്രസ് നേതാവിന്റെ അനുയായികൾ രംഗത്തെത്തി. ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ പ്രവർത്തകർ മുദ്രാവാക്യം വിളിച്ചു. ബുധനാഴ്ച നടത്തിയ വാർത്താസമ്മേളനത്തിൽ ആദായനികുതി വകുപ്പും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഉൾപ്പെടെയുള്ള കേന്ദ്ര ഏജൻസികൾ തന്നെ ലക്ഷ്യമിട്ട് റെയ്ഡ് നടത്തിയേക്കുമെന്ന് റെഡ്ഡി പറഞ്ഞിരുന്നു.

കഴിഞ്ഞ കുറേ ദിവസങ്ങളായി കേന്ദ്ര ഏജൻസികൾ കോൺഗ്രസ് നേതാക്കളെ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. കോൺഗ്രസ് നേതാക്കൾക്കെതിരായ ആക്രമണത്തിൽ തെലങ്കാനയിലെ ഭരണകക്ഷിയായ ബിആർഎസ് സർക്കാരും ബിജെപിയും ഒത്തുകളിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.