National

നിര്‍മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റര്‍ റോഡ് മോഷണം പോയി; ഒരു ഗ്രാമം മുഴുവൻ പ്രതികള്‍

Spread the love

നിര്‍മാണം തുടരുന്നതിനിടെ മൂന്ന് കിലോമീറ്റര്‍ റോഡ് മോഷണം പോയി. ബീഹാറിലാണ് സംഭവം. ബീഹാറിലെ ജെഹ്വാബാദിലെ ഔദാൻ ബിഘ എന്ന ഗ്രാമത്തിലാണ് വിചിത്രമായ മോഷണം നടന്നത്. ഒന്നോ രണ്ടോ പേരല്ല, നാട്ടുകാര്‍ മുഴുവൻ ചേര്‍ന്നാണ് റോഡ് നിര്‍മാണത്തിനുപയോഗിച്ച സാധനങ്ങള്‍ വാരിക്കൊണ്ടുപോയത്.

രണ്ട് മാസം മുമ്പ് ആര്‍ജെ‌ഡി എംഎല്‍എ സതീഷ് കുമാറാണ് റോഡ് നിര്‍മാണത്തിന്റെ ശിലാസ്ഥാപനം നടത്തിയത്. ‘റോഡ് പണി ഭാഗികമായി പൂര്‍ത്തിയായിരുന്നു. കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുമ്പാണ് നാട്ടുകാരില്‍ ചിലര്‍ അതെല്ലാം മോഷ്ടിച്ചുകൊണ്ട് പോയത്. ‘- സതീഷ് കുമാര്‍ പറഞ്ഞു.

റോഡ് നിര്‍മാണത്തിനുപയോഗിച്ച കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുമ്പാണ് ഗ്രാമവാസികള്‍ എടുത്തുകൊണ്ട് പോയത്.ഇതിന്റെ വിഡിയോ ഇപ്പോള്‍ സമൂഹമാദ്ധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. കോണ്‍ക്രീറ്റ് ഉണങ്ങുന്നതിന് മുമ്പ് തന്നെ റോഡ് നിര്‍മാണത്തിനുപയോഗിച്ച സാധനങ്ങള്‍ ഗ്രാമവാസികള്‍ കോരിയെടുത്ത് വലിയ കുട്ടയിലാക്കുന്നതാണ് വീഡിയോയിലുള്ളത്.

റോഡുപണിക്കായി കൂട്ടിയിട്ടിരുന്ന മണലും കല്ലും ഗ്രാമവാസികള്‍ വീടുകളിലേയ്‌ക്ക് കൊണ്ടുപോയി. വിഡിയോ വൈറലായതിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനമാണ് നാട്ടുകാര്‍ക്കെതിരെ ഉയരുന്നത്. ജില്ലാ ആസ്ഥാനത്തെയും ഗ്രാമത്തെയും ബന്ധിപ്പിക്കുന്ന റോഡ് മുഖ്യമന്ത്രിയുടെ വില്ലേജ് റോഡ് പദ്ധതിയുടെ ഭാഗമായാണ് നിര്‍മാണം ആരംഭിച്ചത്.