National

തൊണ്ടി മുതലായ 60 കുപ്പി മദ്യം കാണാനില്ല; എലി കുടിച്ചെന്ന് പൊലീസ് കോടതിയിൽ

Spread the love

മധ്യപ്രദേശിൽ തൊണ്ടി മുതലായ മദ്യം എലി നശിപ്പിച്ചതായി പൊലീസിന്റെ അവകാശവാദം. മധ്യപ്രദേശിലെ ചിന്ദ്വാരയിലാണ് സംഭവം. കേസില്‍ തെളിവായി സൂക്ഷിച്ചിരുന്ന 60 കുപ്പി മദ്യം കാണാതെയായതിനെ തുടര്‍ന്നുള്ള അന്വേഷണത്തിലാണ് 60 കുപ്പി മദ്യവും എലികൾ കുടിച്ചു തീർത്തുവെന്ന് പൊലീസ് മറുപടി നല്‍കിയത്.

മദ്യം കുടിച്ചുവെന്ന് സംശയിക്കുന്ന എലികളിലൊന്നിനെ പൊലീസ് അറസ്റ്റ് ചെയ്തതായും അവകാശപ്പെട്ടു. 180 മില്ലിയുടെ 60 ബോട്ടിലുകൾ നശിപ്പിക്കപ്പെട്ടതായാണ് റിപ്പോർട്ട് വിശദമാക്കുന്നത്.

പ്ലാസ്റ്റിക് ബോട്ടിലുകൾ എലികൾ കടിച്ച് നശിപ്പിച്ചതായാണ് പൊലീസ് അവകാശപ്പെടുന്നത്. ഇത് മൂലം തൊണ്ടിമുതലായ മദ്യം ഒഴുകി നശിക്കുകയായിരുന്നു. സംഭവത്തില്‍ എലിക്കെണി വച്ച് ഒരു എലിയെ പിടികൂടിയതായും പൊലീസ് വിശദമാക്കുന്നു.

വിവിധ കേസുകളിലെ തൊണ്ടി മുതലായ കഞ്ചാവ് നേരത്തെ ചാക്കുകളില്‍ സൂക്ഷിച്ചിരുന്നത് എലി ശല്യത്തേ തുടര്‍ന്ന് ഇപ്പോള്‍ ലോഹം കൊണ്ടുള്ള പെട്ടികളിലാണ് സൂക്ഷിക്കുന്നതെന്നാണ് പൊലീസ് വിശദമാക്കുന്നത്.

ഇത്തരത്തിലുള്ള ഒറ്റപ്പെട്ട സംഭവമല്ല എതെന്നും പൊലീസ് സ്റ്റേഷന്‍ ഏറെ കാലപ്പഴക്കമുള്ള ഒന്നാണെന്നും തൊണ്ടി മുതലുകള്‍ അടക്കം സൂക്ഷിക്കുന്ന വെയർ ഹൌസില്‍ എലി ശല്യം രൂക്ഷമാണെന്നുമാണ് പൊലീസ് വിശദമാക്കുന്നത്.