National

‘മത്സരിക്കാം, പക്ഷേ തോറ്റാൽ…’; തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സർക്കാർ ഡോക്ടർക്ക് ഹൈക്കോടതിയുടെ അനുമതി

Spread the love

നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സർക്കാർ ഡോക്ടർക്ക് ഹൈക്കോടതിയുടെ അനുമതി. രാജസ്ഥാനിൽ നിന്നുള്ള ഒരു ഡോക്ടറാണ് ഹൈക്കോടതിയെ സമീപിച്ചത്. ഹർജിക്കാരന് തെരഞ്ഞെടുപ്പിൽ മത്സരിക്കാമെന്നും തോറ്റാൽ വീണ്ടും ജോലിയിൽ പ്രവേശിക്കണമെന്നും കോടതി നിർദ്ദേശിച്ചു. നവംബർ 25 നാണ് രാജസ്ഥാനിലെ നിയമസഭാ തെരഞ്ഞെടുപ്പ്.

43 കാരനായ സർക്കാർ ഡോക്ടർ ദീപക് ഗോഘ്രയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അനുമതി തേടി ഹൈക്കോടതിയെ സമീപിച്ചത്. ഭാരതീയ ട്രൈബൽ പാർട്ടിയുടെ (ബിടിപി) സംസ്ഥാന പ്രസിഡന്റ് വേലാറാം ഘോഗ്രയുടെ മകനാണ് അദ്ദേഹം. ബിടിപി ടിക്കറ്റിൽ ദുംഗർപൂർ മണ്ഡലത്തിൽ നിന്നാണ് ദീപക് ജനവിധി തേടുക. ഒക്ടോബർ 20 നാണ് ദീപക് ഗോഘ്രയ്ക്ക് അനുകൂലമായ വിധി ജോധ്പൂർ ബെഞ്ചിലെ ജസ്റ്റിസ് പുഷ്പേന്ദ്ര സിംഗ് ഭാട്ടി പുറപ്പെടുവിച്ചത്.

രാജസ്ഥാൻ തെരഞ്ഞെടുപ്പിൽ ദീപക് ഗോഘ്രയ്ക്ക് മത്സരിക്കാം. ഇതിനായി മെഡിക്കൽ ഓഫീസർ സ്ഥാനത്ത് നിന്ന് ഹരജിക്കാരനെ ഒഴിവാക്കാൻ നിർദ്ദേശിക്കാവുന്നതാണ്. തെരഞ്ഞെടുപ്പിൽ തോറ്റാൽ, ഹർജിക്കാരൻ വീണ്ടും മെഡിക്കൽ ഓഫീസർ തസ്തികയിൽ ജോലി തുടരണമെന്നും നിർദ്ദേശിക്കുന്നു-ഒക്ടോബർ 20-ലെ ഉത്തരവിൽ ജസ്റ്റിസ് പുഷ്പേന്ദ്ര സിംഗ് ഭാട്ടി പറയുന്നു.

സംസ്ഥാനത്ത് ആദ്യമായാണ് ഒരു സർക്കാർ ഡോക്ടർക്ക് തെരഞ്ഞെടുപ്പിൽ മത്സരിക്കാനും തോറ്റാൽ വീണ്ടും ഡ്യൂട്ടിയിൽ പ്രവേശിക്കാനും ഹൈക്കോടതി അനുമതി നൽകുന്നതെന്ന് ഘോഗ്ര പ്രതികരിച്ചു. താൻ 10 വർഷമായി ദുംഗർപൂരിൽ നിയമിതനാണെന്നും പ്രദേശവാസികൾക്ക് തന്നെ നന്നായി അറിയാമെന്നും തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് ആത്മവിശ്വാസം ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേത്തു.