National

ഡബിൾ ഡെക്കർ ബസിന് തീപിടിച്ച് 2 മരണം, 29 പേർക്ക് പരിക്ക്

Spread the love

ഓടിക്കൊണ്ടിരിക്കെ ബസിനു തീപിടിച്ച് രണ്ടു പേർ മരിച്ചു. ഡൽഹി-ഗുരുഗ്രാം എക്‌സ്പ്രസ് വേയിലാണ് സംഭവം. യാത്രക്കാരുമായി പോവുകയായിരുന്ന ഡബിൾ ഡെക്കർ സ്ലീപ്പർ ബസിനാണ് തീപിടിച്ചത്. അപകടത്തിൽ 29 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ബുധനാഴ്ച രാത്രി രാത്രി എട്ടരയോടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഡൽഹിയെയും ജയ്പൂരിനെയും ബന്ധിപ്പിക്കുന്ന പ്രധാന എക്‌സ്പ്രസ് വേയിൽ ജാർസ മേൽപ്പാലത്തിന് സമീപമാണ് അപകടമുണ്ടായത്. മൂന്ന് ഫയർ എഞ്ചിനുകൾ സ്ഥലത്തെത്തി തീയണച്ചു.

പരിക്കേറ്റവരെ ഗുരുഗ്രാമിലെ സെക്ടർ 10ലെ സിവിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവർക്കെല്ലാം 30 മുതൽ 50 ശതമാനം വരെ പൊള്ളലേറ്റിട്ടുണ്ടെങ്കിലും ആരോഗ്യനില തൃപ്തികരമാണെന്നാണ് റിപ്പോർട്ട്. ആകാശത്തേക്ക് പുക ഉയരുന്നതിനൊപ്പം ബസ് പൂർണമായി എരിയുന്നതിന്റെയും ഭയാനകമായ ദൃശ്യങ്ങൾ സംഭവസ്ഥലത്ത് നിന്ന് പുറത്തുവന്നിട്ടുണ്ട്.