മാനവീയത്ത് വീണ്ടും കൂട്ടയടി; പൊലീസിന് നേരെ കല്ലെറ്, സ്ത്രീയുടെ തലയ്ക്ക് പരുക്ക്
തിരുവനന്തപുരത്ത് മാനവീയം വീഥിയില്‍ പൊലീസും മദ്യപസംഘവും തമ്മിൽ വീണ്ടും സംഘർഷം. ഇന്നലെ രാത്രിയിലാണ് സംഘര്‍ഷം നടന്നത്. അര്‍ധരാത്രിയോടെ സ്ഥലത്തെത്തിയ മദ്യപസംഘമാണ് പൊലീസിന് നേരെ കല്ലെറിഞ്ഞത്. കസേരകൾ തല്ലിത്തകർക്കുകയും ചെയ്‌തു. കല്ലേറില്‍ നെട്ടയം സ്വദേശിയായ രാജിക്ക് പരുക്കേറ്റു. തുടര്‍ന്ന് സംഘത്തിലെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
നെട്ടയം, നെയ്യാറ്റിന്‍കര സ്വദേശികളാണ് നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ളത്. മദ്യപസംഘം പാട്ടും ഡാന്‍സും നടക്കുന്നതിനിടയിലേക്ക് കയറി കസേരകള്‍ തള്ളിമാറ്റുകയും അക്രമാസക്തമായി പെരുമാറുകയും ചെയ്യുന്നത് കണ്ടതോടെ പൊലീസെത്തി ഇവരെ ആല്‍ത്തറ പരിസരത്തേക്ക് മാറ്റിയിരുന്നു. ഇതിന് പിന്നാലെയാണ് സംഘം കല്ലേറ് നടത്തിയത്.
ഇന്നലെ രാത്രി 12 മണിയോടെയാണ് സംഘര്‍ഷമുണ്ടായത്. മൈക്ക് ഓഫ് ചെയ്തതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. രണ്ട് സംഘങ്ങളായി തിരിഞ്ഞ് സംഘര്‍ഷത്തിലേര്‍പ്പെടുകയായിരുന്നു.
കഴിഞ്ഞദിവസങ്ങളിലും മാനവീയം വീഥിയില്‍ കലാപരിപാടിക്കിടെ കൂട്ടത്തല്ലുണ്ടായിരുന്നു. കേരളീയം ആഘോഷം കൂടി നടക്കുന്നതിനാല്‍ വലിയ തിരക്കായിരുന്നു തിരുവനന്തപുരം നഗരത്തില്‍. സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ മാനവീയത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തും.
കലാപരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കും. ഒരു സമയം ഒന്നില്‍ കൂടുതല്‍ കലാ പരിപാടികള്‍ അനുവദിക്കരുത്. രാത്രി 12 മണിക്ക് ശേഷം കലാപരിപാടികള്‍ പാടില്ല. 12 മണിക്ക് ശേഷം ഉച്ചഭാഷിണി നിരോധിക്കുന്നതടക്കമുള്ള നിയന്ത്രണങ്ങള്‍ കൊണ്ടുവരാനാണ് നീക്കം.