National

‘പടക്ക നിയന്ത്രണം ഡൽഹിക്ക് മാത്രമല്ല എല്ലാ സംസ്ഥാനങ്ങൾക്കും ബാധകം’: സുപ്രീം കോടതി

Spread the love

ഉത്സവ സീസണിലെ പടക്ക നിയന്ത്രണം ഡൽഹിക്ക് മാത്രമല്ല, മുഴുവൻ സംസ്ഥാനങ്ങൾക്കും ബാധകമാണെന്ന് സുപ്രീം കോടതി. വായു, ശബ്ദ മലിനീകരണം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട സുപ്രീം കോടതിയുടെ മുൻ ഉത്തരവുകൾ പാലിക്കാൻ രാജസ്ഥാൻ സംസ്ഥാനത്തിന് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്.

ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, എം എം സുന്ദ്രേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. പടക്കങ്ങളിൽ ബേരിയവും നിരോധിത രാസവസ്തുക്കളും ഉപയോഗിക്കുന്നതിനെതിരെയുള്ള മുൻ നിർദ്ദേശങ്ങൾ രാജ്യത്തുടനീളം ബാധകമാണെന്ന് കോടതി പറഞ്ഞു. വിഷയത്തിൽ പുതിയ മാർഗനിർദേശങ്ങളൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ കോടതി, മുൻ ഉത്തരവുകൾ പ്രത്യേകം ശ്രദ്ധിക്കാൻ രാജസ്ഥാൻ സംസ്ഥാനത്തോട് നിർദേശിക്കുകയും രാജ്യത്തെ എല്ലാ സംസ്ഥാനങ്ങൾക്കും ബാധകമാണെന്നും ആവർത്തിച്ചു.

ദീപാവലിക്ക് മുന്നോടിയായി പടക്കങ്ങളിൽ നിരോധിത രാസവസ്തുക്കൾ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പാക്കാൻ 2021ൽ സുപ്രീം കോടതി നിരവധി നിർദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. പടക്കങ്ങൾക്ക് സമ്പൂർണ നിരോധനമില്ലെന്നും ബേരിയം ലവണങ്ങൾ അടങ്ങിയ പടക്കങ്ങൾ മാത്രമാണ് നിരോധിച്ചതെന്നും അന്ന് ബെഞ്ച് വ്യക്തമാക്കിയിരുന്നു.