Monday, January 20, 2025
Kerala

‘ലീഗിന് യുഡിഎഫ് ബാധ്യതയായെന്ന് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നു’; തിരിച്ചടിച്ച് പി രാജീവ്

Spread the love

പലസ്തീന്‍ വിഷയം സിപിഐഎം രാഷ്ട്രീയ ലാഭത്തിനുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന പ്രതിപക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മന്ത്രി പി രാജീവ്. ലീഗിന് യുഡിഎഫ് ബാധ്യതയാണെന്ന് കുഞ്ഞാലിക്കുട്ടിയുടെ വാക്കുകള്‍ വ്യക്തമാക്കുന്നുണ്ടെന്ന് പി രാജീവ് പറഞ്ഞു. രാഷ്ട്രീയമായ നിലപാടുകള്‍ സ്വീകരിക്കുന്നതിന് ലീഗിന് കോണ്‍ഗ്രസ് ബാധ്യതയാണ്. രാഷ്ട്രീയമായി ശരിയാണെന്ന് നേതാക്കള്‍ക്കും അണികള്‍ക്കും തോന്നുന്ന കാര്യങ്ങളില്‍ പോലും ലീഗിന് തീരുമാനമെടുക്കാന്‍ സാധിക്കുന്നില്ലെന്നും പി രാജീവ് പറഞ്ഞു.

പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലിയില്‍ ക്ഷണിച്ചതിന് നന്ദിയുണ്ടെന്നാണ് കുഞ്ഞാലിക്കുട്ടി പറഞ്ഞതെന്ന് മന്ത്രി പി രാജീവ് ചൂണ്ടിക്കാട്ടി. യുഡിഎഫിന്റെ ഭാഗമായി നില്‍ക്കുന്നതിനാല്‍ പങ്കെടുക്കാന്‍ സാങ്കേതിക തടസമുണ്ടെന്ന ലീഗ് പ്രസ്താവനയില്‍ നിന്ന് രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ മനസിലാക്കേണ്ടത് ലീഗിന് യുഡിഎഫ് ബാധ്യതയായെന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പലസ്തീന്‍ വിഷയം സിപിഐഎം രാഷ്ട്രീയ ലാഭത്തിനുവേണ്ടി ദുരുപയോഗം ചെയ്യുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു. മുന്നണിയുടെ കെട്ടുറപ്പ് പരിഗണിച്ചാണ് മുസ്‌ലിം ലീഗ് സിപിഐഎം പരിപാടിക്ക് പോകാത്തതെന്ന് കെ മുരളീധരന്‍ എംപിയും പ്രതികരിച്ചു. ലീഗ് മതേതര പാര്‍ട്ടിയാണെന്ന സിപിഐഎം സര്‍ട്ടിഫിക്കറ്റില്‍ സന്തോഷമുണ്ടെന്ന് കെസി വേണുഗോപാലും പറഞ്ഞിരുന്നു.