Sports

ദക്ഷിണാഫ്രിക്കയെ 83 റണ്‍സിന് ചുരുട്ടിക്കൂട്ടി ഇന്ത്യ; ഇത് എട്ടാം ജയം

Spread the love

ലോകകപ്പ് ക്രിക്കറ്റില്‍ ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. ദക്ഷിണാഫ്രിക്കയെ 243 റണ്‍സിന് തോല്‍പ്പിച്ച് ഇന്ത്യ ഈ ലോകകപ്പിലെ എട്ടാം ജയം സ്വന്തമാക്കി. രവീന്ദ്ര ജഡേജയുടെ അഞ്ച് വിക്കറ്റ് കരുത്തിലാണ് ഇന്ത്യയ്ക്ക് അനായാസ ജയം സ്വന്തമാക്കാന്‍ സാധിച്ചത്. ദക്ഷിണാഫ്രിക്കയെ വെറും 83 റണ്‍സിന് ചുരുട്ടിക്കെട്ടുകയായിരുന്നു ഇന്ത്യന്‍ ബോളര്‍മാര്‍.

ഈ ലോകകപ്പില്‍ തുടര്‍ സെഞ്ച്വറികളുമായി മിന്നുന്ന ഫോമിലുള്ള ഡി കോക്കിന്റെ വിക്കറ്റെടുത്ത് സിറാജ് ഇന്ത്യന്‍ ചരിത്ര വിജയത്തിന് തുടക്കം കുറിച്ചു. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് വീഴ്ത്തി ഇന്ത്യ വിജയം എളുപ്പത്തില്‍ പിടിച്ചെടുത്തു. ആദ്യമായാണ് ഒരു ലോകകപ്പ് മത്സരത്തില്‍ ജഡേജ അഞ്ച് വിക്കറ്റ് നേട്ടത്തിലെത്തുന്നത്.

101 റണ്‍സ് നേടി പുറത്താവാതെ നിന്ന വിരാട് കോലിയാണ് ഇന്ത്യയുടെ ടോപ്പ് സ്‌കോറര്‍. ശ്രേയാസ് അയ്യരും (77) ഇന്ത്യക്കായി തിളങ്ങി. ദക്ഷിണാഫ്രിക്കക്കായി എയ്ഡന്‍ മാര്‍ക്രം ഒഴികെ ബാക്കിയെല്ലാ ബൗളര്‍മാരും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

തീപാറും തുടക്കമാണ് രോഹിത് ശര്‍മയും ശുഭ്മന്‍ ഗില്ലും ചേര്‍ന്ന് ഇന്ത്യക്ക് നല്‍കിയത്. തുടക്കം മുതല്‍ ആക്രമിച്ചുകളിച്ച രോഹിത് ആയിരുന്നു ഏറെ അപകടകാരി. അനായാസം ബൗണ്ടറികള്‍ കണ്ടെത്തിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഇന്ത്യക്ക് തകര്‍പ്പന്‍ തുടക്കം നല്‍കിയതിനു ശേഷം മടങ്ങി. വെറും 24 പന്തില്‍ 40 റണ്‍സിലേക്ക് കുതിച്ചെത്തിയ രോഹിതിനെ കഗീസോ റബാഡ പുറത്താക്കുകയായിരുന്നു. ശുഭ്മന്‍ ഗില്ലുമൊത്ത് ഒന്നാം വിക്കറ്റില്‍ 62 റണ്‍സിന്റെ കൂട്ടുകെട്ടിലും രോഹിത് പങ്കാളിയായി.

മൂന്നാം നമ്പറിലെത്തിയ വിരാട് കോലിയും പോസിറ്റീവായിത്തന്നെ തുടങ്ങി. ഇരുവരും അനായാസം ഇന്നിംഗ്‌സ് മുന്നോട്ടുകൊണ്ടുപോകവേ ഒരു അവിശ്വസനീയ പന്തില്‍ കേശവ് മഹാരാജ് ഗില്ലിന്റെ (23) കുറ്റി പിഴുതു. ഇതോടെ ഇന്ത്യ സൂക്ഷ്മതയോടെ കളിക്കാനാരംഭിച്ചു. ഇന്നിംഗ്‌സിന്റെ ആദ്യ ഘട്ടത്തില്‍ ടൈമിംഗ് കണ്ടെത്താന്‍ ബുദ്ധിമുട്ടിയ ശ്രേയാസ് അയ്യര്‍ സാവധാനം ഫോമിലേക്കുയര്‍ന്നു. 67 പന്തില്‍ കോലി ഫിഫ്റ്റി തികച്ചപ്പോള്‍ മെല്ലെ തന്റെ സ്വതസിദ്ധ ശൈലിയിലേക്കുയര്‍ന്ന ശ്രേയാസ് 64 പന്തില്‍ അര്‍ദ്ധസെഞ്ചുറിയിലെത്തി. ഫിഫ്റ്റിക്ക് ശേഷവും ആക്രമണ മോഡ് തുടര്‍ന്ന ശ്രേയാസ് ഒടുവില്‍ ലുങ്കി എങ്കിഡിയ്ക്ക് വിക്കറ്റ് സമ്മാനിച്ചുമടങ്ങി. 87 പന്തില്‍ 77 റണ്‍സ് നേടിയ താരം മൂന്നാം വിക്കറ്റില്‍ വിരാട് കോലിയുമൊത്ത് 134 റണ്‍സിന്റെ കൂട്ടുകെട്ടിനു ശേഷമാണ് മടങ്ങിയത്. ശ്രേയാസിനു ശേഷം ഇന്നിംഗ്‌സ് വേഗത കുറഞ്ഞു. ഇന്നിംഗ്‌സ് വേഗം കൂട്ടാന്‍ കൂറ്റന്‍ ഷോട്ടിനു ശ്രമിച്ച കെഎല്‍ രാഹുല്‍ (8) വേഗം പുറത്തായി. ആക്രമിച്ചുകളിച്ച സൂര്യകുമാര്‍ യാദവിനും (14 പന്തില്‍ 22) ഏറെ ആയുസുണ്ടായില്ല. തബ്രൈസ് ഷംസിക്കായിരുന്നു വിക്കറ്റ്.

119 പന്തില്‍ കോലി തന്റെ 49ആം ഏകദിന സെഞ്ചുറി തികച്ചു. ഇതോടെ സച്ചിന്‍ തെണ്ടുല്‍ക്കറിന്റെ സെഞ്ചുറി റെക്കോര്‍ഡിനൊപ്പമെത്താനും താരത്തിനു സാധിച്ചു. അവസാന ഓവറുകളില്‍ ചില തകര്‍പ്പന്‍ ഷോട്ടുകള്‍ കളിച്ച രവീന്ദ്ര ജഡേജ ഇന്ത്യയെ മികച്ച സ്‌കോറിലേക്ക് നയിക്കുകയായിരുന്നു. പരുക്കേറ്റ ലുങ്കി എങ്കിഡി അവസാന ഓവറില്‍ രണ്ട് പന്ത് മാത്രമെറിഞ്ഞ് മടങ്ങി. മാര്‍ക്കോ യാന്‍സനാണ് ബാക്കി പന്തുകള്‍ എറിഞ്ഞത്. ജഡേജ 15 പന്തില്‍ 29 റണ്‍സ് നേടിയും കോലി 121 പന്തില്‍ 101 റണ്‍സ് നേടിയും പുറത്താവാതെ നിന്നു. 41 റണ്‍സിന്റെ അപരാജിത കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് ആറാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്തത്.