ഗാർഹിക ഉപഭോക്താക്കൾക്കുള്ള സബ്സിഡി തുടരും; വൈദ്യുതി മന്ത്രി
സംസ്ഥാനത്ത് ഗാർഹിക ഉപഭോക്താക്കൾക്കുള്ള സബ്സിഡി തുടരുമെന്ന് വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി. വൈദ്യുതി സബ്‌സിഡി ഒഴിവാക്കുന്നു എന്ന പ്രചരണം തികച്ചും അടിസ്ഥാന രഹിതമാണ്. നിലവിലുള്ള സബ്‌സിഡി തുടരാൻ ബജറ്റിൽ തുക വകയിരുത്തിയിട്ടുണ്ടെന്നും മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു.
നിലവിൽ, 77 ലക്ഷത്തോളം ഉപഭോക്താക്കൾക്ക് സർക്കാർ വൈദ്യുതി സബ്‌സിഡി നൽകുന്നുണ്ട്. 120 യൂണിറ്റ് വരെ പ്രതിമാസ ഉപഭോഗമുള്ള ഗാർഹിക ഉപഭോക്താക്കൾക്കും, ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ജീവിക്കുന്ന ഉപഭോക്താക്കൾക്കും സർക്കാർ നൽകുന്ന സബ്‌സിഡി തുടരും. ഇതിനു പുറമെ നിലവിൽ സർക്കാർ സബ്‌സിഡി നൽകുന്ന എല്ലാ വിഭാഗങ്ങൾക്കും സബ്‌സിഡി തുടരും. ഇതിനായി ബജറ്റിൽ സഹായം വകയിരുത്തിയിട്ടുണ്ട്. ഈ മാസം മുതൽ ഇലക്ട്രിസിറ്റി ഡ്യൂട്ടി നേരിട്ട് സർക്കാരിലേക്ക് അടയക്കണം. ഇതിലൂടെ ബോർഡിനു 1000 കോടി കുറവുണ്ടാകും. ഇതു പരിഹരിക്കാനുള്ള ബദൽ നിർദ്ദേശം സർക്കാരിനുണ്ടെന്ന് മന്ത്രി പറഞ്ഞു.
എല്ലാ വർഷവുംനിരക്ക് വർധിപ്പിക്കണമെന്നാണ് കേന്ദ്ര നിർദ്ദേശം. ഇല്ലെങ്കിൽ സംസ്ഥാനത്തിന്റെ കടമെടുപ്പ് പരിധിയെ ബാധിക്കും. പുതുക്കിയ നിരക്ക് അനുസരിച്ച് 200 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് ഒരു ദിവസം നൽകേണ്ടി വരുന്നത് ഒരു രൂപ മാത്രമാണെന്നും വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടി പറഞ്ഞു