പലസ്തീനോട് ഇത്രയും വിരോധമോ?; കെ സുധാകരന്റെ നടപടിക്കെതിരെ പി കെ ശ്രീമതി
മലപ്പുറത്ത് കോണ്‍ഗ്രസ് എ ഗ്രൂപ്പ് നടത്താനിരുന്ന പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി വിലക്കിയ സംഭവത്തില്‍ കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ പി കെ ശ്രീമതി. പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തിയാല്‍ നടപടി. പലസ്തീനോട് ഇത്രയും വിരോധമോയെന്ന് ശ്രീമതി ചോദിച്ചു. ഫേസ്ബുക്കിലൂടെയാണ് പ്രതികരണം.
‘പലസ്തീനോട് ഇത്രയും വിരോധമോ? മലപ്പുറത്ത് പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ്സ് നടത്തിയാല്‍ നടപടി എടുക്കുമെന്ന് കെസുധാകരന്‍’, എന്നാണ് പി കെ ശ്രീമതി ഫേസ്ബുക്കില്‍ കുറിച്ചത്.പലസ്തീന് ഐക്യപ്പെട്ടുകൊണ്ട് ഇതിനകം മലപ്പുറത്ത് ഡിസിസി പരിപാടി സംഘടിപ്പിച്ച സാഹചര്യത്തില്‍ മറ്റൊരു പരിപാടി നടത്തേണ്ടതില്ലെന്നാണ് കെപിസിസി നിര്‍ദേശം. ആര്യാടന്‍ ഫൗണ്ടേഷന്റെ പേരില്‍ സംഘടിപ്പിക്കാനിരുന്ന പരിപാടിയാണ് കെപിസിസി വിലക്കിയത്.
എന്നാൽ കെപിസിസിയുടെ അന്ത്യശാസനം മറികടന്ന് എ ഗ്രൂപ്പിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യ റാലി ഇന്ന് മലപ്പുറത്ത് നടക്കും. വൈകുന്നേരമാണ് പരിപാടി നടക്കുക. ആര്യാടന്‍ ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്. ഏതെങ്കിലും വിധത്തിലുള്ള വിഭാഗീയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായല്ല പരിപാടിയെന്നും പരിപാടിയില്‍ നിന്നും പിന്നോട്ടില്ലെന്നും ആര്യാടന്‍ ഷൗക്കത്ത് അറിയിച്ചിട്ടുണ്ട്.
അതേസമയം മണ്ഡലം പ്രസിഡന്റുമാരെ നിയമിച്ചതില്‍ എ ഗ്രൂപ്പിെന തഴഞ്ഞെന്ന ആരോപണം ആര്യാടന്‍ ഫൗണ്ടേഷന്‍ ഉന്നയിച്ചിട്ടുമുണ്ട്. പരിപാടിയില്‍ പതിനായിരത്തോളം പേര്‍ പങ്കെടുക്കുമെന്നാണ് എ ഗ്രൂപ്പ് പ്രതീക്ഷിക്കുന്നത്. ഏഴോളം ഡിസിസി ഭാരവാഹികളും പരിപാടിയില്‍ പങ്കെടുക്കും. ഇന്ന് പരിപാടി നടത്തിയാല്‍ ആര്യാടന്‍ ഷൗക്കത്തിനെതിരെ കെപിസിസി ശക്തമായ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും സൂചനയുണ്ട്.
സമാന്തര പരിപാടിയില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ അച്ചടക്ക നടപടിയുണ്ടാകുമെന്നാണ് കെപിസിസി നേതൃത്വം ഇന്നലെതന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാല്‍ മുന്നറിയിപ്പ് നല്‍കുന്ന കത്തൊന്നും കെപിസിസിയില്‍ നിന്ന് ലഭിച്ചിട്ടില്ലെന്നായിരുന്നു ആര്യാടന്‍ ഷൗക്കത്തിന്റെ വിശദീകരണം.