Kerala

സിപിഐഎമ്മിന്റെ പലസ്തീന്‍ റാലിയില്‍ പങ്കെടുക്കുമെന്ന സൂചന നല്‍കി പിഎംഎ സലാം; മൃഗങ്ങളുടെ കാര്യത്തില്‍ ഇടപെടുന്നില്ലെന്ന് സുധാകരന് രൂക്ഷവിമര്‍ശനം

Spread the love

സിപിഐഎമ്മിന്റെ പലസ്തീന്‍ ഐക്യദാര്‍ഢ്യറാലിയില്‍ പങ്കെടുക്കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ നടത്തി തീരുമാനമെടുക്കുമെന്ന് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഈ വിഷയമൊരു സാമുദായിക താത്പര്യമല്ല. ഒരു മതത്തിന്റെയോ സമുദായത്തിന്റെയോ പ്രശ്‌നമല്ല പശ്ചിമേഷ്യന്‍ യുദ്ധം. ലോകം മുഴുവന്‍ പലസ്തീന്‍ പ്രശ്‌നത്തിനൊപ്പം നില്‍ക്കുന്നുണ്ടെന്നും പി എം എ സലാം പറഞ്ഞു.

കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ‘പട്ടി’ പരാമര്‍ശത്തില്‍ കടുത്ത രോഷം പ്രകടമാക്കിയ സലാം, കെസുധാകരന്‍ മാത്രമല്ല ഏത് നേതാവായാലും പ്രതികരണങ്ങളില്‍ മാന്യത കാണിക്കണമെന്ന് ഓര്‍മിപ്പിച്ചു. മനുഷ്യര്‍ ഉപയോഗിക്കുന്ന വാക്കുകള്‍ ഉപയോഗിക്കണം. ഇത് പലതവണ പറഞ്ഞിട്ടുണ്ട്. സുധാകരന്റെ പ്രസ്താവന യുഡിഎഫ് നേതൃത്വം പരിശോധിക്കണമെന്നും സലാം കൂട്ടിച്ചേര്‍ത്തു.

‘പലസ്തീനിലേത് ഒരു സാമുദായിക പ്രശ്‌നമല്ല. എത്ര മനുഷ്യക്കുഞ്ഞുങ്ങളാണ് പലസ്തീനില്‍ മരിച്ചുവീഴുന്നത്. ക്രിസ്ത്യാനികളും ജൂതന്മാരുമൊക്കെ ഇല്ലേ, മുസ്ലിങ്ങള്‍ മാത്രമല്ലല്ലോ. ലോകം മുഴുവന്‍ ഈ പ്രശ്‌നത്തിനൊപ്പം നില്‍ക്കുന്നുണ്ട്’. അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസ് എന്തുകൊണ്ട് ഇത്തരം റാലികള്‍ നടത്തുന്നില്ലെന്ന ചോദ്യത്തിന് അത് കോണ്‍ഗ്രസിനോട് ചോദിക്കണമെന്നായിരുന്നു സലാമിന്റെ ഉത്തരം. ഇത്തരമൊരു മനുഷ്യത്വപരമായ സമീപനത്തില്‍ താത്പര്യമുള്ളവര്‍ ഒപ്പം നില്‍ക്കുകയാണ് വേണ്ടത്, ആരെയും പിടിച്ചുനിര്‍ത്തുകയല്ലെന്നും പി എം എ സലാം വ്യക്തമാക്കി.