ഡൽഹി മദ്യനയ അഴിമതിക്കേസ്; അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജറാകും
ഡൽഹി മദ്യനയ അഴിമതി കേസിൽ മുഖ്യമന്ത്രിയും ആം ആദ്മി പാർട്ടി കൺവീനറുമായ അരവിന്ദ് കേജ്‌രിവാൾ ഇന്ന് ഇഡിക്ക് മുന്നിൽ ചോദ്യം ചെയ്യലിനായി ഹാജറാകും. രാവിലെ 11 മണിക്ക് കേജ്‌രിവാൾ ഡൽഹിയിലെ ഇഡി ഓഫീസിലെത്തും. മദ്യനയ അഴിമതിയിൽ കേജ്‌രിവാളിന്റെ വ്യക്തമായ പങ്ക് സംബന്ധിച്ച തെളിവുകൾ ലഭിച്ച പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചതെന്ന് ഇഡി കേന്ദ്രങ്ങൾ അറിയിച്ചു.
കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഇതേ കേസിൽ സിബിഐ അരവിന്ദ് കേജ്‌രിവാളിനെ ചോദ്യം ചെയ്തിരുന്നു. ഇതേ കേസിൽ ജയിലിൽ കഴിയുന്ന മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് കോടതി ജാമ്യം നിഷേധിച്ച് മണിക്കൂറുകൾക്കകമാണ് ഇഡി മുഖ്യമന്ത്രി കേജ്‌രിവാളിന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയത്. 2022 ഓഗസ്റ്റിലാണ് മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് ഇഡിയും സിബിഐയും കേസ് രജിസ്റ്റർ ചെയ്തത്.
ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ്‌വിഎൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് മനീഷ് സിസോദിയയുടെ ഹർജി തള്ളിയത്. വിചാരണ മന്ദഗതിയിലായാൽ സിസോദിയയ്ക്ക് വീണ്ടും ജാമ്യത്തിന് അപേക്ഷിക്കാമെന്ന് രണ്ടംഗ ബെഞ്ച് പറഞ്ഞു. ഫെബ്രുവരി 26 നാണ് കേസിൽ സിസോദിയയെ സിബിഐ അറസ്റ്റ് ചെയ്തത്. സിബിഐയുടെയും ഇഡിയുടെയും രണ്ട് കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളത്.
സിസോദിയയുടെ ജാമ്യാപേക്ഷ സുപ്രിം കോടതി നിഷേധിച്ചത് എഎപി നേതൃത്വത്തിന് അഴിമതിയിൽ പങ്കുണ്ടെന്നാണ് വ്യക്തമാക്കുന്നതെന്ന് ബിജെപി എംപി മനോജ് തിവാരി പ്രതികരിച്ചു. എഎപി നേതൃത്വത്തിന് അഴിമതിയിൽ പങ്കുള്ളതിനാൽ അരവിന്ദ് കേജ്‌രിവാൾ ഉടൻ അറസ്റ്റിലാകുമെന്നും അദ്ദേഹം പറഞ്ഞു.