പ്രജിത്തിന്റെ മരണത്തിന് പിന്നിൽ കമ്പ്യൂട്ടർ വിഭാഗം പ്രധാന അധ്യാപകനെന്ന് ആരോപണം; കളമശ്ശേരി പൊളി ടെക്നിക് കോളജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം
എറണാകുളം കുമ്പളങ്ങിയിൽ 20കാരൻ ജീവനൊടുക്കിയ സംഭവത്തിൽ കളമശ്ശേരി പൊളി ടെക്നിക് കോളജിൽ വിദ്യാർത്ഥികളുടെ പ്രതിഷേധം. മരണത്തിന് കാരണം കമ്പ്യൂട്ടർ വിഭാഗം പ്രധാന അധ്യാപകൻ ആണെന്നാണ് ആരോപണം.അദ്ധ്യാപകനെ പുറത്താക്കണമെന്നവശ്യപെട്ടാണ് പ്രതിഷേധം.
കളമശ്ശേരി പൊളി ടെക്നിക് കോളജിലെ മൂന്നാം വർഷ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിദ്യാർത്ഥി പ്രജിത്തിനെ ഇന്നലെ രാവിലെയാണ് കുമ്പളങ്ങിയിലെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പ്രജിത്തിന് ഹാജർ കുറഞ്ഞതുമായി ബന്ധപ്പെട്ട് മാതാവിനെ കഴിഞ്ഞ ദിവസം കോളേജിൽ വിളിച്ചു വരുത്തിയിരുന്നു. തുടർന്ന് കമ്പ്യൂട്ടർ വിഭാഗം പ്രധാന അധ്യാപകൻ മോശമായി പെരുമാറി എന്നാണ് വിദ്യാർത്ഥികളുടെ ആരോപണം. റീ അഡ്മിഷൻ കൊടുക്കില്ല എന്ന് അധ്യാപകൻ പറഞ്ഞെന്നും മാതാവ് കോളേജിൽ വച്ച് കരയുന്ന സാഹചര്യം വരെ ഉണ്ടായെന്നും വിദ്യാർത്ഥികൾ പറയുന്നു.
ഹാജർ രേഖപെടുത്തിയ പേപ്പറുമായാണ് അദ്ധ്യാപകൻ മരണവീട്ടിലേക്ക് എത്തിയതെന്നും ആരോപണമുണ്ട്. കമ്പ്യൂട്ടർ വിഭാഗം പ്രധാന അദ്ധ്യാപകനെ പുറത്താക്കുന്നതുവരെ സമരവുമായി മുന്നോട്ട് പോകാനാണ് വിദ്യാർത്ഥികളുടെ തീരുമാനം. കോളേജിലെ എല്ലാവിദ്യാർത്ഥി സംഘടനകളും സമരരംഗത്തുണ്ട്.