കളമശേരി സ്ഫോടനം; ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്നു, വർഗീയ ഇടപെടലുകൾക്ക് സ്ഥാനമില്ലെന്ന് കേരളം തെളിയിച്ചു; എം വി ഗോവിന്ദൻ
കളമശേരി സ്ഫോടനം അപലപനീയമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വർഗീയ ദ്രുവീകരണം നടത്താൻ ചില ശക്തികൾ ശ്രമിച്ചു. എന്നാൽ വർഗീയ ഇടപെടലുകൾക്ക് സ്ഥാനമില്ലെന്ന് കേരളം തെളിയിച്ചു. സർക്കാർ കൃത്യമായ ഇടപെടൽ നടത്തി. ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് നിന്നുവെന്നും എം വി ഗോവിന്ദൻ വ്യക്തമാക്കി.
വര്‍ഗീയമായ ചേരിതിരിവ് സൃഷ്ടിക്കാന്‍ ചില ശക്തികള്‍ ശ്രമിച്ചുവെന്നും സംസ്ഥാനത്ത് വര്‍ഗീയ സംഘര്‍ഷം സൃഷ്ടിച്ച് രാഷ്ട്രീയനേട്ടം ഉണ്ടാക്കാന്‍ സാധിക്കുമോ എന്നതാണ് ഇത്തരം ആള്‍ക്കാരുടെ ഉള്ളിലിരുപ്പെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിന്റെ നിലപാട് അങ്ങേയറ്റം അപലപനീയമാണെന്നും ഒരു കേന്ദ്രമന്ത്രി എന്ന നിലയില്‍ അങ്ങേയറ്റം ഉത്തരവാദിത്വമില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഒരു വര്‍ഗീയതയെയും താലോലിക്കുന്ന നിലപാട് സര്‍ക്കാരിനോ പാര്‍ട്ടിക്കോ ഇല്ലെന്നും ചില വാര്‍ത്തകള്‍ സൃഷ്ടിക്കുന്നതിന് വേണ്ടി ശ്രമം നടന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.കളമശേരി സംഭവത്തിലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയില്‍ ചില വാര്‍ത്തകള്‍ പ്രചരിപ്പിച്ചുവെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.