ആന്ധ്രാപ്രദേശ് ട്രെയിനപകടം; മരിച്ചവരുടെ എണ്ണം 11 ആയി, 50 പേർക്ക് പരുക്ക്
ആന്ധ്രാപ്രദേശ് ട്രെയിനപകടത്തിൽ മരിച്ചവരുടെ എണ്ണം 11 ആയി. അപകടത്തിൽ 50 പേർക്കാണ് പരുക്കേറ്റിട്ടുള്ളത്. വൈശ്യനഗരം ജില്ലയിലാണ് അപകടം നടന്നത്. റായഗഡ – വൈശ്യനഗര ട്രയിനും വിശാഖപട്ടണം – പലാസ ട്രയിനും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ട്രെയിനിന്റെ മൂന്ന് ബോഗികൾ പാളം തെറ്റിയിരുന്നു. അപകടത്തെ തുടർന്ന് 18 ട്രയിനുകൾ റദ്ദാക്കുകയും 22 ട്രയിനുകൾ വഴി തിരിച്ചു വിടുകയും ചെയ്തിരുന്നു.
വിജയനഗരയിൽ ഒഡീഷയിലെ റായ്ഗഡയിലേക്ക് പോയ ട്രെയിനും വിശാഖപട്ടണത്ത് നിന്ന് ആന്ധ്രാപ്രദേശിലെ പലാസയിലേക്ക് പോവുകയായിരുന്ന ട്രെയിനും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടത്തിൻറെ പശ്ചാത്തലത്തിൽ റെയിൽവെ മന്ത്രാലയം ഹെൽപ് ലൈൻ നമ്പറുകൾ പുറത്തുവിട്ടു. ആന്ധ്രയിലെ വിശാഖപട്ടണം റെയിൽവെ സ്റ്റേഷൻ കേന്ദ്രീകരിച്ചാണ് റെയിൽവെ ഹെൽപ് ലൈൻ ആരംഭിച്ചിരിക്കുന്നത്.
മുഖ്യമന്ത്രി വൈഎസ് ജഗൻ മോഹൻ റെഡ്ഡി അടിയന്തര ദുരിതാശ്വാസ നടപടികൾക്കും വിജയനഗരത്തിന്റെ അടുത്തുള്ള ജില്ലകളായ വിശാഖപട്ടണം, അനകപ്പള്ളി എന്നിവിടങ്ങളിൽ നിന്നും ആംബുലൻസുകൾ അയക്കാനും ഉത്തരവിട്ടിരുന്നു.