കളമശേരി സ്ഫോടനം : ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം, അവധിയിലുള്ളവരോട് തിരിച്ചെത്താന്‍ നിര്‍ദേശം
കളമശേരിയില്‍ പൊട്ടിത്തെറി ഉണ്ടായ സാഹചര്യത്തില്‍ മികച്ച ചികിത്സയൊരുക്കാന്‍ ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്കും മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്കും നിര്‍ദേശം നല്‍കി. ആശുപത്രികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. അവധിയിലുള്ള മുഴുവന്‍ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകരും അടിയന്തരമായി തിരിച്ചെത്താന്‍ മന്ത്രി നിര്‍ദേശം നല്‍കി.
കളമശേരി മെഡിക്കല്‍ കോളജ്, എറണാകുളം ജനറല്‍ ആശുപത്രി, കോട്ടയം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ അധിക സൗകര്യങ്ങളൊരുക്കാനും നിര്‍ദേശം നല്‍കി. അധിക ജീവനക്കാരുടെ സേവനവുമൊരുക്കും. ജില്ലയിലെ മറ്റാശുപത്രികളിലും സൗകര്യമൊരുക്കാന്‍ മന്ത്രി നിര്‍ദേശം നല്‍കി. കളമശേരിയിലെ സാമ്ര കണ്‍വെന്‍ഷന്‍ സെന്ററിലാണ് പൊട്ടിത്തെറി ഉണ്ടായത്. യഹോവ സാക്ഷികളുടെ സമ്മേളനത്തിനിടെയാണ് ഹാളിന്റെ നാലുഭാഗത്ത് പൊട്ടിത്തെറിയുണ്ടായത്. അപകടത്തില്‍ ഒരാള്‍ മരിച്ചു.
24 പേര്‍ക്ക് പരുക്കേറ്റു എന്നാണ് വിവരം. പരുക്കേറ്റവരില്‍ അഞ്ചുപേരുടെ നില ഗുരുതരമാണ്. രണ്ടായിരത്തില്‍ അധികം പേരാണ് സമ്മേളനത്തില്‍ പങ്കെടുത്തിരുന്നത്. ഗ്യാസ് പൊട്ടിത്തെറിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ആദ്യം റിപ്പോര്‍ട്ടുണ്ടായിരുന്നെങ്കിലും നാലുഭാഗത്ത് പൊട്ടിത്തെറിയുണ്ടായ സാഹചര്യത്തില്‍ അട്ടിമറി ഉണ്ടായിട്ടുണ്ടോ എന്ന് ഉള്‍പ്പെടെ പൊലീസ് പരിശോധിച്ചുവരികയാണ്.