വയനാട് കോൺഗ്രസിൽ ഭിന്നത: തല്ല് ഇന്നത്തോടെ നിർത്തിക്കോണം, ഭീഷണിയായി കണ്ടോളൂവെന്ന് വിഡി സതീശൻ
കൽപ്പറ്റ: വയനാട്ടിൽ കോൺഗ്രസിലെ ഭിന്നതക്കെതിരെ പരസ്യ ശാസനയുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. തല്ല് ഇന്ന് തന്നെ നിർത്തിക്കോണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കോൺഗ്രസ് വയനാട് ജില്ലാ സ്പെഷ്യൽ കൺവെൻഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സദസ്സിൽ ഉള്ളവരോടല്ല താനിത് പറയുന്നത്, മറിച്ച് വേദിയിൽ ഇരിക്കുന്നവരോടാണ് എന്നും ഇതൊരു ഭീഷണിയായി തന്നെ കണ്ടോളൂവെന്നും സതീശൻ പറഞ്ഞു.
സ്വന്തം ബൂത്ത് കമ്മറ്റി ഉണ്ടാക്കാത്ത നേതാക്കളെ ചോദ്യം ചെയ്യണമെന്നും അല്ലെങ്കിൽ ഒന്ന് കളിയാക്കണമെന്നും ആവശ്യപ്പെട്ട വിഡി സതീശൻ, എന്നാലേ ഈ നേതാക്കൾ പഠിക്കൂവെന്നും പറഞ്ഞു. നേതാക്കൾ എല്ലാ വിയോജിപ്പും മാറ്റിവച്ച് സ്നേഹത്തോടെ ഇടപഴകണമെന്ന് കെപിസിസി അധ്യക്ഷനും ആവശ്യപ്പെട്ടു. രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിൽ പറഞ്ഞ സ്നേഹത്തിന്റെ കട പ്രയോഗം ആദ്യം മനസ്സിൽ വേണമെന്നും അദ്ദേഹം നേതാക്കളെ ഓർമ്മിപ്പിച്ചു.
കോൺഗ്രസ് പ്രവർത്തകർ ചിതറിപ്പോകരുത്. പാർട്ടിയെ ഉണ്ടാക്കാനാണ് നോക്കേണ്ടത്, അധികാരം കയ്യാളാനല്ല. നിങ്ങളെ കോൺഗ്രസിൽ നിർത്തുന്ന താല്പര്യം എന്താണെന്ന് ചോദിച്ച കെപിസിസി പ്രസിഡന്റ് വ്യക്തി താല്പര്യമാണോ അല്ല രാഷ്ട്രീയ താത്പര്യമാണോ അതെന്നും ചോദിച്ചു. പൊതു തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയുടെ ഭൂരിപക്ഷം 5 ലക്ഷത്തിൽ കൂടുതലാക്കുമെന്ന് തീരുമാനം എടുക്കണം. കർണാടകയിലെ കോൺഗ്രസ് വിജയം മാതൃകയാക്കണം. അവർ ആത്മ സമർപ്പണം നടത്തിയാണ് ഭരണം പിടിച്ചത്. കേരളത്തിലും അതുണ്ടാകണം.
തമ്മിലുള്ള പാരവെപ്പ് അവസാനിപ്പിക്കണമെന്ന് നേതാക്കളോട് ആവശ്യപ്പെട്ട അദ്ദേഹം പരസ്പരം ചേർന്ന് നിൽക്കണമെന്നും പറഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയനെ അധിക്ഷേപിച്ച കെ സുധാകരൻ നാണം, മാനം, ഉളുപ്പ് ഒന്നുമില്ലാത്തയാളാണ് മുഖ്യമന്ത്രിയെന്നും കുറ്റപ്പെടുത്തി. കേരളത്തിൽ ഭ്രാന്ത് വൈദ്യർക്ക് ആണ്. പിന്നെ ആര് ചികിൽസിക്കും? പിണറായിക്ക് ഒറ്റ ചിന്തയെ ഉള്ളൂ. പണം. എനിക്ക് പണം, എന്റെ കുടുംബത്തിനും പണം. കോടികളാണ് ഇങ്ങനെ ഉണ്ടാക്കിയത്. എന്റെ കോളേജിൽ പഠിച്ച എന്റെ നാട്ടുകാരൻ കോടികൾ ഉണ്ടാക്കുമ്പോൾ എനിക്കും ഒരു മോഹം. കോടി രൂപ കാണണം. സതീശാ ഒരു അവസരം അതിനുണ്ടാക്കി തരണമെന്നും സുധാകരൻ പറഞ്ഞു.