സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യത; ഇന്ന് മഴ മുന്നറിയിപ്പില്ല
സംസ്ഥാനത്ത് ഇടത്തരം മഴ തുടരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പ്. തെക്കൻ കേരളത്തിലും മലയോരമേഖലകളിലും ഉച്ചയ്ക്കുശേഷം ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴമുന്നറിയിപ്പ് നൽകിയിട്ടില്ല.
ഞായറാഴ്ച ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. പൊതുജനങ്ങൾ ഇടിമിന്നൽ ജാഗ്രത മുന്നറിയിപ്പുകൾ പാലിക്കണം. കേരള – കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല. കേരള- തെക്കൻ തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികളും തീരദേശവാസികളും ജാഗ്രതപാലിക്കണം. ബംഗാൾ ഉൾക്കടലിലും വടക്കൻ കേരളത്തിന് മുകളിലും ചക്രവാതചുഴികൾ നിലനിൽക്കുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ഒക്ടോബർ മാസത്തിൽ ഇതുവരെ ഏറ്റവും കൂടുതൽ മഴ ലഭിച്ചത് പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിലാണ്. പത്തനംതിട്ടയിൽ തുലാവർഷത്തിൽ ആകെ ലഭിക്കേണ്ട മഴയുടെ 82%വും, തിരുവനന്തപുരം ജില്ലയിൽ 80% വും ലഭിച്ചു കഴിഞ്ഞു. ആലപ്പുഴ, കോട്ടയം, കൊല്ലം, എറണാകുളം ജില്ലകളിലും സാധാരണയെക്കാൾ കൂടുതൽ മഴ ഇതിനോടകം ലഭിച്ചു. വയനാട് ആണ് ഏറ്റവും കുറവ് മഴ ലഭിച്ചത്.