Friday, December 27, 2024
Latest:
Kerala

ഗതാഗതക്കുരുക്കില്‍ ബസ് ക്രമം തെറ്റിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് യുവാക്കള്‍, കസ്റ്റഡിയിൽ

Spread the love

തൃശൂര്‍ ഒല്ലൂരില്‍ നടുറോഡില്‍ കെഎസ്ആര്‍ടിസി ഡ്രൈവറെ ഹെല്‍മറ്റ് കൊണ്ട് അടിച്ച് യുവാക്കള്‍. ഒല്ലൂര്‍ സെന്ററിലെ ഗതാഗതക്കുരുക്കില്‍ ബസ് ക്രമം തെറ്റിച്ചെന്നാരോപിച്ചായിരുന്നു യുവാക്കളുടെ മര്‍ദനം. മൂന്ന് യുവാക്കളാണ് ഡ്രൈവറെ ആക്രമിച്ചത്. സംഭവത്തിൽ ലോറി ഡ്രൈവർ മർഷുദ്, ക്ലീനർ മിന്നാ, ബൈക്കിൽ വന്ന തൈക്കാട്ടുശ്ശേരി സ്വദേശി വിജിത്ത് എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ഡ്രൈവറെ ഹെൽമറ്റ് കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. തൊടുപുഴ സ്വദേശിയായ അബ്ദുള്‍ ഷുക്കൂറിനാണ് മര്‍ദനമേറ്റത്. ഒല്ലൂര്‍ ജങ്ഷനില്‍ സാധാരണയായി രാവിലെ സമയങ്ങളില്‍ വലിയ ഗതാഗതക്കുരുക്ക് ഉണ്ടാകാറുണ്ട്. ഈ സമയത്ത് എത്തിയ കെഎസ്ആര്‍ടിസി ബസ് ബ്ലോക്കില്‍ കിടക്കാതെ എല്ലാ വാഹനങ്ങളെയും ഓവര്‍ടേക്ക് ചെയ്ത് മുന്‍ഭാഗത്തേക്ക് എത്തി.

ഇതിനിടെ എതിര്‍ഭാഗത്ത് കൂടി വന്ന ബൈക്ക് യാത്രികരായ യുവാക്കള്‍ ബസ് തടഞ്ഞ് നിര്‍ത്തി ഡ്രൈവറെ ചോദ്യം ചെയ്യുകയായിരുന്നു. ഇതിനൊപ്പം ലോറിയിൽ വന്ന രണ്ടു യുവാക്കൾ കൂടി സംഭവസ്ഥലത്തേക്കെത്തി. തുടർന്ന് മൂന്നുപേരും കൂടി ഡ്രൈവർ തൊടുപുഴ സ്വദേശിയായ അബ്ദുൽ ഷുക്കൂറിനെ മർദ്ദിക്കുകയായിരുന്നു.

ബസിൽ നിന്നും വലിച്ചിറക്കി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ഹെൽമറ്റ് കൊണ്ടുൾപ്പെടെ മ‍ർദനമേറ്റ ഷുക്കൂറിനെ തൃശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈകുന്നേരത്തോടെ ഡിസ്ചാർജ്ജ് ചെയ്യുകയും ചെയ്തു.