World

‘നയിക്കാന്‍ യോഗ്യനല്ല’; യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഇസ്രയേല്‍

Spread the love

യുഎന്‍ സെക്രട്ടറി ജനറലിനോട് രാജി വയ്ക്കാന്‍ ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസഭയിലെ ഇസ്രയേല്‍ അംബാസഡര്‍ ഗിലാഡ് എര്‍ദാന്‍. കുട്ടികളെയും സ്ത്രീകളെയും വൃദ്ധരെയും കൂട്ടക്കൊല ചെയ്യുന്നതിനെതിരെ ശബ്ദിക്കാത്ത യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് യുഎന്നിനെ നയിക്കാന്‍ യോഗ്യനല്ല എന്നാണ് ഇസ്രയേലിന്റെ വിമര്‍ശനം. ഇസ്രയേല്‍ പൗരന്മാര്‍ക്കും ജൂതജനങ്ങള്‍ക്കും നേരെ നടത്തുന്ന ക്രൂരമായ അതിക്രമങ്ങളില്‍ അനുകമ്പ കാണിക്കുന്നവരോട് സംസാരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ഇസ്രയേല്‍ കുറ്റപ്പെടുത്തി.

ഇസ്രയേല്‍ ആക്രമണം തുടരുന്നതിനിടെ ഗാസയിലെ അന്താരാഷ്ട്ര മാനുഷിക ലംഘനത്തെ കുറിച്ച് അന്റോണിയോ ഗുട്ടെറസ് വിമര്‍ശനമുന്നയിച്ചതിന് പിന്നാലെയാണ് ഇസ്രയേലിന്റെ മറുപടി. ഹമാസിന്റെ ആക്രമണങ്ങള്‍ ‘ശൂന്യതയില്‍ നിന്നുണ്ടായതല്ല’ എന്ന് ഗുട്ടെറസ് പറഞ്ഞിരുന്നു. ഗാസയില്‍ അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്നും ആരും രാജ്യാന്തര നിയമത്തിന് അതീതരല്ലെന്നുമായിരുന്നു യുഎന്‍ സെക്രട്ടറി ജനറലിന്റെ പരോക്ഷ വിമര്‍ശനം.

ഹമാസ് ആക്രമണത്തിന് മറുപടിയായി ഗാസയില്‍ ഇസ്രയേല്‍ നടത്തുന്ന ആക്രമണത്തില്‍ അടിയന്തര വെടിനിര്‍ത്തല്‍ വേണമെന്ന് ഗുട്ടെറസ് അഭ്യര്‍ത്ഥിച്ചു. ഒക്ടോബര്‍ 7ന് ഹമാസ് ഇസ്രയേലില്‍ നടത്തിയ ആക്രമണത്തിന് ഒരു ന്യായീകരണവുമില്ലെന്നും, എന്നാല്‍ അതിന് പകരമായി പലസ്തീന്‍കാരെ മുഴുവന്‍ ശിക്ഷിക്കുന്നത് ശെരിയല്ലെന്നും സെഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ഗുട്ടെറസ് പറഞ്ഞു