Kerala

യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ ഇരിങ്ങാലക്കുട നഗരസഭയുടെ വാദം പൊളിയുന്നു; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

Spread the love

ഇരിങ്ങാലക്കുടയില്‍ യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. അപകടത്തില്‍ ലിവറിനേറ്റ പരുക്കിനെ തുടര്‍ന്നുണ്ടായ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്നാണ് മരണം സംഭവിച്ചതെന്നാണ് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. വിശദമായ പരിശോധനയ്ക്കായി ആന്തരിക അവയവങ്ങള്‍ കാക്കനാട്ടെ ലാബിലേക്ക് അയച്ചു. അപകടത്തെ തുടര്‍ന്നല്ല യുവാവ് മരണപ്പെട്ടതെന്ന ഇരിങ്ങാലക്കുട നഗരസഭയുടെ വാദം തള്ളുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

തൃശ്ശൂര്‍ ഇരിങ്ങാലക്കുട മാര്‍ക്കറ്റ് റോഡിലെ കുഴിയില്‍ വീണ് പുല്ലൂര്‍ മഠത്തിക്കര സ്വദേശി 45 വയസ്സുള്ള ബിജോയ് ആണ് മരിച്ചത്. രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങവെ റോഡിലെ കുഴിയില്‍ പരുക്കേല്‍ക്കുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇന്നലെ പുലര്‍ച്ചയോടെ മരണം സംഭവിക്കുകയായിരുന്നു.

പുറകില്‍ വന്നിരുന്ന കാര്‍ യാത്രികര്‍ ഉടന്‍ തന്നെ ഇരിങ്ങാലക്കുടയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കില്ലും ചികിത്സയിലിരിക്കെ ബിജോയ് മരണപ്പെടുകയായിരുന്നു. നേരത്തെയും അപകടങ്ങള്‍ ഉണ്ടായ പ്രദേശത്ത് കുഴി രൂപപ്പെട്ടപ്പോള്‍ തന്നെ പരാതിപ്പെട്ടതാണെന്നും നടപടി ഉണ്ടാകാഞ്ഞതാണ് മരണത്തിലേക്ക് വഴിതെളിച്ചതൊന്നും നാട്ടുകാര്‍ ആരോപിക്കുന്നു.

എന്നാല്‍ അപകടത്തെ തുടര്‍ന്നല്ല മരണം സംഭവിച്ചത് എന്നായിരുന്നു നഗരസഭയുടെ വിശദീകരണം. ബിജോയ്ക്ക് ഉണ്ടായ ശാരീരിക അസ്വസ്ഥതയാണ് മരണത്തിലേക്ക് വഴിതെളിച്ചം നഗരസഭ പറഞ്ഞു. ഈ വാദം പൊളിയുന്നതാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.