World

രണ്ട് ബന്ദികളെക്കൂടി വിട്ടയച്ച് ഹമാസ്; ഫലം കണ്ടത് ഈജിപ്തിന്റേയും ഖത്തറിന്റേയും നയതന്ത്രശ്രമങ്ങള്‍

Spread the love

ഇസ്രയേലിലേക്കുള്ള അപ്രതീക്ഷിത ആക്രമണത്തിന് പിന്നാലെ ഹമാസ് ബന്ദികളാക്കിയ രണ്ട് ഇസ്രയേലി സ്ത്രീകളെക്കൂടി ഗാസയില്‍ മോചിപ്പിച്ചു. നൂറിറ്റ് കൂപ്പര്‍, യോച്ചെവെഡ് ലിഫ്ഷിറ്റ്‌സ് എന്നിവരെയാണ് വിട്ടയച്ചത്. 79ഉം 85-ഉും ആണ് ഇരുവരുടേയും പ്രായം. ഇവരുടെ പ്രായവും ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് മനുഷ്യത്വപരമായ ചില കാരണങ്ങളാലാണ് ഇരുവരേയും വിട്ടയയ്ക്കുന്നതെന്ന് ഹമാസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. റെഡ്‌ക്രോസാണ് ബന്ദികളെ വിട്ടുകിട്ടുന്നതില്‍ പ്രധാന പങ്കുവഹിച്ചത്. ഈജിപ്തിന്റേയും ഖത്തറിന്റേയും നയതന്ത്ര ഇടപെടലുകളാണ് അതിവേഗം ബന്ദികളെ വിട്ടുകിട്ടാന്‍ സഹായിച്ചത്.

ഗാസ അതിര്‍ത്തിക്കടുത്തുള്ള നിര്‍ ഓസിലെ കിബ്ബ്‌സില്‍ നിന്നാണ് സ്ത്രീകളെയും അവരുടെ ഭര്‍ത്താക്കന്മാരെയും അവരുടെ വീടുകളില്‍ നിന്ന് ഹമാസ് ബന്ദികളാക്കിയത്. ഇവരുടെ ഭര്‍ത്താക്കന്മാരെ വിട്ടയച്ചിട്ടില്ല. റെഡ് ക്രോസ് ഇടപെട്ടാണ് സ്ത്രീകളെ ഗാസയ്ക്ക് പുറത്ത് ഇവരുടെ വീടുകളിലേക്ക് എത്തിച്ചത്. അതിവൈകാരികമായിരുന്നു ബന്ധുക്കളുമായി ഇരുസ്ത്രീകളുടേയും കൂടിക്കാഴ്ച.

ബന്ദികളെ മോചിപ്പിക്കാനും സമാധാനം പുനസ്ഥാപിക്കുന്നതിനുമുള്ള ഈജിപ്തിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് രണ്ട് വയോധികരെ മോചിപ്പിക്കാന്‍ സാധിച്ചതെന്ന് ഈജിപ്ത്യന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ബന്ദികളെ മോചിപ്പിക്കുന്നതില്‍ ടെല്‍ അവീവ് യാതൊരു പങ്കും വഹിച്ചിട്ടില്ലെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഇസ്രായേല്‍ സൈന്യത്തിന്റെ കണക്കനുസരിച്ച് കുറഞ്ഞത് 220 ഇസ്രായേല്‍ പൗരന്മാരെങ്കിലും ഹമാസിന്റെ തടവിലാണ്.