World

പശ്ചിമേഷ്യന്‍ യുദ്ധം; ഗാസയുടെ ജാലകമായ റഫ അതിര്‍ത്തിയുടെ പ്രാധാന്യം, പ്രത്യേകത

Spread the love

നിരവധി ചര്‍ച്ചകള്‍ക്കും ഇടപെടലുകള്‍ക്കും ശേഷമാണ് ശനിയാഴ്ച, ഗാസ മുനമ്പിലേക്ക് മാനുഷിക സഹായം അനുവദിക്കുന്നതിനായി റാഫ അതിര്‍ത്തി തുറന്നത്.വടക്കന്‍ ഗാസയില്‍ നിന്ന് 1.1 ദശലക്ഷത്തിലധികം ആളുകളെ ഒഴിപ്പിക്കാന്‍ ഒക്ടോബര്‍ 13 ന് ഇസ്രായേല്‍ സൈന്യം നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിനുപിന്നാലെ പലസ്തീനികള്‍ തെക്കന്‍ ഗാസ മുനമ്പിലെ ഈജിപ്തുമായുള്ള റഫ അതിര്‍ത്തി തുറക്കാന്‍ കാത്തിരിക്കുകയായിരുന്നു.

റഫ അതിര്‍ത്തി

ലോകത്തെ ഏറ്റവും വലിയ തുറന്ന ജയിലെന്നറിയപ്പെടുന്ന ഗാസയില്‍ നിന്ന് പുറത്തുകടക്കുന്നതിനുള്ള മാര്‍ഗം റഫ അതിര്‍ത്തിയാണ്. ഈജിപ്തിലെ സിനായ് ഉപദ്വീപിന്റെ അതിര്‍ത്തിയാണ് റഫ. ക്രോസിംഗ് നിയന്ത്രിക്കുന്നത് ഈജിപ്താണ്.

ഇസ്രയേല്‍-പലസ്തീന്‍ യുദ്ധം; റഫ അതിര്‍ത്തി കടക്കുന്നതിന്റെ പ്രാധാന്യം

ഗാസ മുനമ്പിന്റെ കിഴക്കും വടക്കും ഇസ്രായേലിന്റെ അതിര്‍ത്തിയാണ്. പടിഞ്ഞാറ് ഭാഗത്ത് സ്ഥിതിചെയ്യുന്നത് മെഡിറ്ററേനിയന്‍ കടലും. ഗാസയുടെ തെക്ക് ഈജിപ്ഷ്യന്‍ അതിര്‍ത്തിയാണ്. ഇസ്രയേലിനെ കൂടാതെ ഗാസ മുനമ്പുമായി അതിര്‍ത്തി പങ്കിടുന്ന ഒരേയൊരു രാജ്യം ഈജിപ്താണ്. ഇവിടെയാണ് റഫ ബോര്‍ഡര്‍ ക്രോസിംഗ് സ്ഥിതി ചെയ്യുന്നത്. ഗാസ മുനമ്പിനും ഈജിപ്തിനും ഇടയിലുള്ള ഈ ക്രോസിംഗ് ഗാസയില്‍ നിന്ന് പുറത്തുകടക്കാനുള്ള ഏക വഴിയാണ്.

റഫ ക്രോസിംഗിന്റെ ചരിത്രം

പത്തൊന്‍പതാം നൂറ്റാണ്ട് വരെ സിനായ് പെനിന്‍സുല ഒട്ടോമന്‍ സാമ്രാജ്യത്തിന്റെ നിയന്ത്രണത്തിലായിരുന്നു. പിന്നീടിത് ബ്രിട്ടീഷുകാരുടെ കൈകളിലായി, 20ാം നൂറ്റാണ്ടിന്റെ പകുതി വരെ ബ്രിട്ടീഷുകാര്‍ ഇതിന്റെ നിയന്ത്രണം നിലനിര്‍ത്തി.1948 ലാണ് ഇസ്രായേല്‍ ഔപചാരികമായി രൂപീകൃതമായത്. 1906 ഒക്ടോബര്‍ 1ലെ ഒട്ടോമന്‍-ബ്രിട്ടീഷ് ഉടമ്പടി, അന്ന് ഒട്ടോമന്‍ സാമ്രാജ്യം ഭരിച്ചിരുന്ന പലസ്തീനിനും ബ്രിട്ടന്‍ ഭരിച്ചിരുന്ന ഈജിപ്തിനും ഇടയില്‍ ഒരു അതിര്‍ത്തി സ്ഥാപിച്ചു. തബയില്‍ നിന്ന് റഫയിലേക്കായിരുന്നു ആ അതിര്‍ത്തി.

Read Also: ​ഗാസയിൽ കരയുദ്ധം ആരംഭിച്ചു; ഹമാസിനെ ലക്ഷ്യമിട്ടുള്ള നിയന്ത്രിത ആക്രമണമെന്ന് ഇസ്രയേൽ

1979 ഈജിപ്ഷ്യന്‍-ഇസ്രായേല്‍ സമാധാന ഉടമ്പടി

1979ല്‍ ഈജിപ്ഷ്യന്‍-ഇസ്രായേല്‍ സമാധാന ഉടമ്പടി 1906ലെ അതിര്‍ത്തി പുനഃസ്ഥാപിച്ചു. അതായത്, ഈജിപ്തിന് സിനായ് പെനിന്‍സുലയുടെ നിയന്ത്രണവും ഇസ്രായേലിന് ഗാസയുടെ നിയന്ത്രണവും കിട്ടി. ഉടമ്പടി ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ ഇസ്രായേല്‍ സൈന്യം പെനിന്‍സുല വിട്ടുപോകാന്‍ തുടങ്ങി. ഇസ്രായേല്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങിയതിനുശേഷം റഫ അതിര്‍ത്തി ആദ്യമായി ഒരു അന്താരാഷ്ട്ര അതിര്‍ത്തിയായി തുറന്നു. ക്യാമ്പ് ഡേവിഡ് ഉടമ്പടിക്ക് ശേഷം 1982 ലാണ് നിലവിലെ ഗാസ-ഈജിപ്ത് അതിര്‍ത്തി തുറന്നത്.