World

24 മണിക്കൂറിനിടെ ഗാസയിലെ നാനൂറിലേറെ ജീവനെടുത്ത് ആക്രമണം, ആശുപത്രികളും തകര്‍ത്തെന്ന് റിപ്പോര്‍ട്ട്; വ്യോമാക്രമണം കടുപ്പിച്ച് ഇസ്രയേല്‍

Spread the love

ഗാസയില്‍ 24 മണിക്കൂറിനിടെ, നാനൂറുപേരുടെ ജീവനെടുത്ത് ഇസ്രയേല്‍. യുദ്ധത്തിന്റെ പതിനേഴാംനാള്‍ ഇസ്രയേല്‍ നടത്തുന്ന ഏറ്റവും വലിയ വ്യോമാക്രമണമാണിത്. അഭയാര്‍ത്ഥികള്‍ തിങ്ങിയ ജബലിയ ക്യാമ്പും ആശുപത്രികളും തകര്‍ത്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ഹമാസിനെതിരായ സൈനിക നടപടി മാസങ്ങളോളം നീളുമെന്ന് ഇസ്രായേല്‍ പ്രതിരോധ മന്ത്രി അറിയിച്ചു.

ഗാസയിലെ ജനവാസ കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ഇസ്രായേലിന്റെ വ്യോമാക്രമണത്തില്‍ 24മണിക്കൂറിനിടെ 400 പാലസ്തീന്‍ പൗരന്മാര്‍ കൊല്ലപ്പെട്ടെന്ന് പാലസ്തീന്‍ അറിയിച്ചു. ജബാലിയ അഭയാര്‍ത്ഥി ക്യാമ്പിന് നേരെയുണ്ടായ ആക്രമണത്തില്‍ 30 പേരാണ് കൊല്ലപ്പെട്ടത്. ഗാസയിലെ രണ്ട് ആശുപത്രികള്‍ക്ക് സമീപവും ആക്രമണം ഉണ്ടായി. അല്‍ഷിഫ, അല്‍ഖുദ്‌സ് ആശുപത്രികള്‍ക്ക് സമീപമാണ് ആക്രമണം.

ഹമാസിന്റെ വെടിവെപ്പില്‍ ഒരു ഇസ്രയേലി സൈനികന്‍ കൊല്ലപ്പെട്ടുവെന്നും റിപ്പോര്‍ട്ടുണ്ട്. ഗാസയിലെ ആശുപത്രികളുടെ പ്രവര്‍ത്തനം ഏതുനിമിഷവും നിലയ്ക്കുമെന്നും അടിയന്തരമായി ഇന്ധനമെത്തിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. യുദ്ധമവസാനിപ്പിക്കാന്‍ എന്തും ചെയ്യാമെന്നും ഗാസയില്‍ വെടിനിര്‍ത്തല്‍ വേണമെന്നും ചൈന ആവശ്യപ്പെട്ടു.യുഎസ്, യുകെ, കാനഡ, ഫ്രാന്‍സ്, ജര്‍മ്മനി, ഇറ്റലി എന്നീ രാജ്യങ്ങളുടെ നേതാക്കള്‍ ഇസ്രായേലിന് പിന്തുണ ആവര്‍ത്തിച്ചു. അതേസമയം മാനുഷിക നിയമം പാലിക്കണമെന്നും നിര്‍ദേശിച്ചു. റഫാ അതിര്‍ത്തിയിലൂടെ ഇതുവരെ 34 ട്രക്കുകള്‍ ഗാസയിലെത്തി.