പെരുമ്പാവൂരിലെ കുഴൽപ്പണ വേട്ട; അന്വേഷണം കോയമ്പത്തൂർ കേന്ദ്രീകരിച്ച്
എറണാകുളം പെരുമ്പാവൂരിലെ കുഴൽപ്പണ വേട്ടയിൽ അന്വേഷണം കോയമ്പത്തൂർ കേന്ദ്രീകരിച്ച്. അന്വേഷണത്തിന് മറ്റ് ഏജൻസികളെ കൂടി ഉൾപ്പെടുത്തിയേക്കും പ്രതികൾ സ്ഥിരം കടത്തുകാർ എന്നും സംശയം.
കുഴൽപ്പണം കടത്തിയ കേസിൽ അറസ്റ്റിലായ മൂവാറ്റുപുഴ വാഴക്കുളം സ്വദേശികളായ അമൽ മോഹൻ, അഖിൽ സജീവ് എന്നിവരെ പോലീസ് വിശദമായി ചോദ്യം ചെയ്തു. തുടർന്നാണ് പണം എത്തിയത് കോയമ്പത്തൂരിൽ നിന്നു തന്നെയെന്ന് പോലീസ് സ്ഥിരീകരിച്ചത്. രണ്ടുകോടി രൂപയുടെ കുഴൽപ്പണം എം സി റോഡ് വഴി കോട്ടയത്തേക്ക് കടത്താനായിരുന്നു ശ്രമം. കോയമ്പത്തൂരിൽ നിന്ന് പണം പ്രതികൾക്ക് കൈമാറിയ സംഘത്തെ കേന്ദ്രീകരിച്ചാണ് നിലവിൽ പൊലീസ് അന്വേഷണം.
പ്രതികൾ ഇതിനു മുൻപും കുഴൽപ്പണം കടത്തിയതായി പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ഈ സംഘത്തിലെ മറ്റുള്ളവരെക്കുറിച്ചും പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ ദിവസം രാത്രി പെരുമ്പാവൂർ പോലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്നാണ് എം സി റോഡിൽ വച്ച് വെള്ള സ്വിഫ്റ്റ് കാറിൽ നിന്ന് രണ്ടുകോടി രൂപ പിടികൂടിയത്. കേസിലെ വിവരങ്ങൾ മറ്റ് അന്വേഷണ ഏജൻസികൾക്ക് കൂടി പോലീസ് കൈമാറിയേക്കും.